National
ചെന്നൈ: അധികാരം ഉറപ്പിച്ചതോടെ പ്രചാരണകാലത്ത് വിജയ് നൽകിയ വാഗ്ദാനങ്ങൾ കുത്തിപ്പൊക്കി സമൂഹമാധ്യമങ്ങൾ. വിവാഹത്തിന് 22 കാരറ്റിലുള്ള എട്ടു ഗ്രാം സ്വർണം ഉൾപ്പെടെ നൽകുമെന്നാണ് വിജയ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇതിനുപുറമേ വധുവിനു സിൽക്ക് സാരിയും നൽകും. അറുപതു വയസിൽ താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സഹായമാണ് മറ്റൊന്ന്. തീർന്നില്ല പ്രതിവർഷം ആറ് സൗജന്യ എൽപിജി സിലിണ്ടറുകളും നൽകും.
സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങൾക്ക് അഞ്ചുലക്ഷം രൂപവരെ പലിശരഹിത വായ്പയാണ് മറ്റൊരു പ്രധാന വാഗ്ദാനം. സ്കൂളിൽനിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് കുട്ടികളുടെ രക്ഷിതാക്കൾക്കു പ്രതിവർഷം 15000 രൂപ വീതം നൽകും. കെ. കാമരാജിന്റെ പേരിൽ 100 റെസിഡൻഷൽ സ്കൂളുകൾ തുറക്കും. ഉന്നതവിദ്യാഭ്യാസത്തിന് 20 ലക്ഷംരൂപവരെ ലോണും നൽകും.
അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെ വായ്പ എഴുതിത്തള്ളും. അഞ്ച് ഏക്കറിനു മുകളിൽ ഭൂമിയുള്ള കർഷകരുടെ വായ്പയിൽ അന്‍പതുശതമാനവും ഒഴിവാക്കും. നെല്ലിന്റെ താങ്ങുവില ക്വിന്റലിനു 3500 രൂപയാക്കും. കരിന്പിന് ടണ്ണിന് 4500 രൂപ വീതവും ഉറപ്പ് നൽകിയിട്ടുണ്ട്.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് പ്രതിമാസം 4000 രൂപ നൽകും. ആശുപത്രികളുടെ നവീകരണം, സൗജന്യ വാർഷിക രോഗനിർണയ സംവിധാനം, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് തുടങ്ങി ഒട്ടേറെ വാഗ്ദാനങ്ങളാണ് വിജയ് മുന്നോട്ടുവച്ചിരിക്കുന്നത്.
District News
കോട്ടയം: വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്കു 993 രൂപ കൂട്ടിയതോടെ ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. 19 കിലോഗ്രാം സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ കോട്ടയത്തെ വില 3096 രൂപയായി ഉയര്‍ന്നു. ഫെബ്രുവരിയില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്.
അതേസമയം ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇന്ധനവിലയും ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയും ഉടന്‍ വര്‍ധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. തുടര്‍ച്ചയായുണ്ടാകുന്ന ഈ വിലവര്‍ധന ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, കേറ്ററിംഗ് സ്ഥാപനങ്ങള്‍, മറ്റ് ചെറുകിട വ്യവസായങ്ങള്‍ എന്നിവയെ സാരമായി ബാധിക്കും. പ്രവര്‍ത്തനചെലവ് കുത്തനെ ഉയരുന്നതോടെ വിലക്കയറ്റത്തിനും സാധ്യതയുണ്ട്.
ഹോട്ടല്‍ ഭക്ഷണത്തിനു പുറമെ പെട്രോള്‍, ഡീസല്‍ വിലയും വര്‍ധിക്കുന്നതോടെ സമസ്ത മേഖലയിലും വിലവര്‍ധന ഉണ്ടായേക്കും. ഇതോടെ സാധാരണക്കാരന്റെകുടുംബ ബജറ്റ് താളം തെറ്റും. അടുത്ത മാസം സ്കൂള്‍ തുറക്കല്‍ ഉള്‍പ്പെടെയുള്ള വലിയ ചെലവുകള്‍ ഉണ്ടാകും. അതിനിടയിലാണ് അപ്രതീക്ഷിതമായി സിലിണ്ടറുകളുടെ വില വര്‍ധനയും മറ്റു മേഖലയിലെ വിലക്കറ്റവും ഉണ്ടാകുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചപ്പോള്‍ ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, ചെറുകിട ഭക്ഷണ സംരംഭ യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ സിലിണ്ടറുകള്‍ക്കു കടുത്ത ക്ഷാമമാണ് നേരിട്ടത്. ഈ പ്രതിസന്ധിയില്‍നിന്ന് ഹോട്ടലുകള്‍ കഷ്ടിച്ചു രക്ഷപ്പെട്ടു വരുമ്പോഴാണു വീണ്ടും കേന്ദ്രസര്‍ക്കാര്‍ വില വര്‍ധിപ്പിച്ചു തിരിച്ചടി നല്‍കുന്നത്. ഹോട്ടലുകള്‍ അടച്ചപ്പോള്‍ ജോലി നഷ്ടപ്പെട്ടവരില്‍ പലര്‍ക്കും ജോലി തിരികെ ലഭിച്ചിട്ടില്ല. ഇതിനു പുറമെ പശ്ചിമ ബംഗാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി പോയ ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങിവന്നിട്ടുമില്ല.
താങ്ങാന്‍ സാധിക്കില്ല പ്രവര്‍ത്തനച്ചെലവ്
സിലിണ്ടറിന്റെ വില 3000 കടന്നതോടെ ഹോട്ടലുകളുടെയും തട്ടുകടകളുടെയും പ്രവര്‍ത്തനചെലവ് താങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെയാണ് ഇന്ധനവിലയും വര്‍ധിച്ചത്. ഈ സാഹചര്യത്തില്‍ ഭക്ഷണ വിഭവങ്ങളുടെ വില വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് ഹോട്ടലുടമകളുടെ നിലപാട്.
ഇത് സാധാരണക്കാരായ ജനങ്ങള്‍ക്കും വലിയ തിരിച്ചടിയാകും. സൂചനാ പണിമുടക്കിനുശേഷം അനുകൂലമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. വലിയതോതില്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ ഗ്യാസ് സബ്സിഡി പുനഃസ്ഥാപിക്കണമെന്നും ഹോട്ടലുടമകള്‍ ആവശ്യപ്പെടുന്നു.
ബുക്കിംഗില്‍ മാറ്റങ്ങള്‍
ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിംഗില്‍ പരിഷ്കാരങ്ങള്‍ പ്രാബല്യത്തിലായി. നഗരപ്രദേശങ്ങളില്‍ ഇനിമുതല്‍ 25 ദിവസത്തിനുശേഷമേ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഗ്രാമപ്രദേശങ്ങളില്‍ ഇതു 45 ദിവസമാണ്.
ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധിയിൽ
അഞ്ചു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്കുന്ന മേഖലയാണ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ്. പാചകവാതകത്തിന് ഇങ്ങനെ വില വര്‍ധിച്ചാല്‍ ഈ മേഖല കടുത്ത പ്രതിസന്ധിയിലാവുകയും നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യും. പശ്ചിമേഷ്യയില സംഘര്‍ഷത്തോടനുബന്ധിച്ചാണ് പാചകവാതക പ്രതിസന്ധി തുടങ്ങുന്നത്.
സര്‍ക്കാര്‍ ഏജന്‍സികളിലെ സിലിണ്ടര്‍ വിതരണം പ്രതിസന്ധിയിലായപ്പോഴും സ്വകാര്യ ഏജന്‍സികള്‍ സിലിണ്ടര്‍ വിതരണം ചെയ്തിരുന്നു. അവര്‍ 4500 രൂപയോളം ഒരു സിലിണ്ടറിന് ഈടാക്കിയിരുന്നു. യഥാര്‍ഥത്തില്‍ പാചകവാതക പ്രതിസന്ധിയുണ്ടായിട്ടല്ല വില വര്‍ധിപ്പിക്കുന്നത്.
കെ.കെ. ഫിലിപ്പുകുട്ടി ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോ. ജില്ലാ പ്രസിഡന്റ്
National
പരവൂർ: രാജ്യത്തെ പാചകവാതക വിതരണ രംഗം പൂർണമായും ഡിജിറ്റൽ ട്രാക്കിലേക്ക്. എൽപിജി സിലിണ്ടറുകളുടെ ഓൺലൈൻ ബുക്കിംഗ് 99 ശതമാനത്തിലെത്തിയതായും ഒടിപി അടിസ്ഥാനമാക്കിയുള്ള വിതരണം 94.5 ശതമാനം കടന്നതായും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.
ഉപഭോക്താക്കൾക്കു തടസമില്ലാതെ പെട്രോളിയം ഉത്പന്നങ്ങളും പാചകവാതകവും ലഭ്യമാക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കാണുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക വിതരണത്തിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. നിലവിൽ ഒരു വിതരണ കേന്ദ്രത്തിലും സിലിണ്ടർ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല. പൈപ്പ് വഴി പാചകവാതകം എത്തിക്കുന്ന പിഎൻജി കണക്ഷനുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി.
കഴിഞ്ഞ മാസം മാത്രം അഞ്ച് ലക്ഷത്തിലധികം പുതിയ പിഎൻജി കണക്ഷനുകൾ സജീവമാക്കി.
ഇതോടെ ആകെ കണക്ഷനുകളുടെ എണ്ണം എട്ട് ലക്ഷത്തോടടുക്കുകയാണ്. ആറ് ലക്ഷത്തോളം പേർ പുതിയ കണക്ഷനായി റജിസ്റ്റർ ചെയ്തിട്ടുണ്ട്.
പിഎൻജി ലഭ്യമായതോടെ 42,000 ഉപഭോക്താക്കൾ തങ്ങളുടെ എൽപിജി കണക്ഷനുകൾ ഉപേക്ഷിച്ചു.
രാജ്യത്തെ എല്ലാ റിഫൈനറികളും പൂർണശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.
National
ന്യൂഡൽഹി: രാജ്യത്ത് പാചകവാതകത്തിനു ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രാലയം. പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ച് കിലോയുടെ ചെറിയ എൽപിജി സിലിണ്ടറുകളുടെ വിതരണം ശക്തമാക്കിയതായി കേന്ദ്ര സർക്കാർ. മാർച്ച് 23 മുതൽ ഇതുവരെ ഏകദേശം 6.6 ലക്ഷം സിലിണ്ടറുകളാണ് ഇത്തരത്തിൽ വിറ്റഴിച്ചത്. സാധുവായ തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ ഗ്യാസ് ഏജൻസികളിൽനിന്ന് നേരിട്ട് ഈ സിലിണ്ടറുകൾ വാങ്ങാം.
സാധാരണ 14.2 കിലോ സിലിണ്ടറുകൾക്ക് വേണ്ടത് പോലെ ഇതിനു മേൽവിലാസം തെളിയിക്കുന്ന രേഖകൾ ആവശ്യമില്ല. ഏപ്രിൽ നാലിന് മാത്രം 90,000 ത്തിലധികം സിലിണ്ടറുകൾ വിറ്റു. മാർച്ച് 23 മുതൽ ഇതുവരെയുള്ള കണക്കെടുത്താൽ 6.6 ലക്ഷത്തോളം സിലിണ്ടറുകൾ വിറ്റു.
വിപണി വിലയ്ക്കാണ് ഇവ വിൽക്കുന്നത്. ഒരു ദിവസം 51 ലക്ഷത്തിലധികം സിലിണ്ടറുകളാണ് വിതരണം ചെയ്യുന്നത്. ഇതിൽ 95 ശതമാനവും ഓൺലൈൻ ബുക്കിംഗ് വഴിയാണെന്നും മന്ത്രാലയം പറയുന്നു.
National
ന്യൂഡൽഹി: വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ. 19 കിലോ സിലിണ്ടറിന് 195.50 രൂപയാണ് വർധിപ്പിച്ചത്.
വില വർധന പ്രാബല്യത്തിൽ വന്നു. ഇതോടെ കേരളത്തിലെ പുതിയ വില 2092 രൂപയാണ്. നേരത്തെ 1890 രൂപയായിരുന്നു.
അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. മാർച്ച് ഏഴിന് 14.2 കിലോ ഗാർഹിക സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു.
National
ചെന്നൈ: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്നു പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ വിറകടുപ്പിലേക്ക് മാറി ചെന്നൈയിലെ ഹോട്ടലുകൾ.
സിലിണ്ടറുകൾ ലഭിക്കാത്തതും വിലക്കയറ്റം രൂക്ഷമായതുമാണു വിറകടുപ്പിലേക്കു മാറുന്നതിന് ഹോട്ടലുകളെ നിർബന്ധിതമാക്കിയത്. അതേസമയം വിറക് ക്ഷാമവും ഹോട്ടൽമേഖലയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
നിലവിൽ ചെന്നൈയിലെ ഹോട്ടലുകളിൽ 90-ശതമാനവും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും പാചകവാതക ക്ഷാമത്തോടെ കച്ചവടത്തിൽ 30 ശതമാനത്തിലധികം ഇടിവുസംഭവിച്ചെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
സംസ്ഥത്തെ ഹോട്ടലുകളിൽ മിക്കവയും റംസാൻ ദിനത്തിൽ ബിരിയാണി ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാനായി വിറകടുപ്പിനെയാണ് ആശ്രയിച്ചത്.
അതേസമയം ആവശ്യക്കാർ ഏറിയതോടെ വിറക് വിലയും ഉയർന്നതായി തമിഴ്നാട് ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് എം വെങ്കടസുബ്ബു പറഞ്ഞു.
Kerala
കൊച്ചി: പാചകവാതക, വ്യോമയാന ഗതാഗത പ്രതിസന്ധി സംസ്ഥാനത്തെ ഇവന്റ് മാനേജ്മെന്റിനെയും ഇതുമായി ബന്ധപ്പെട്ട മേഖലകളെയും ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും അടിയന്തരമായ ഇടപെടൽ ആവശ്യമെന്ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ കേരള (ഇമാക്).
വിവാഹ സീസണും കോർപറേറ്റ് കോൺഫറൻസുകളും സജീവമാകുന്ന ഈ സമയത്ത് നിലവിലെ സാഹചര്യം മേഖലയെ തകർക്കുന്ന അവസ്ഥയിലാണെന്ന് അസോസിയേഷൻ പറഞ്ഞു.
ആവശ്യമായ പാചകവാതകം നിലവിൽ ലഭ്യമാകാത്തതിനാൽ ഇവന്റുകൾ പലതും റദ്ദാക്കുകയാണ്. നിലവിൽ വിമാനസർവീസുകൾ പലതും റദ്ദാക്കപ്പെട്ടതും വിമാനടിക്കറ്റുകൾക്ക് നിരക്കു വർധനയുണ്ടായതും ഡെസ്റ്റിനേഷൻ വെഡിംഗ് സാധ്യതകളെ ബാധിച്ചു. കേരളത്തിൽ ഇവന്റുകൾ നടത്താൻ താത്പര്യപ്പെടുന്ന പുറത്തുള്ള പലരും അതിൽനിന്ന് പിൻവലിയുന്നു.
കേരളത്തിൽ ഇവന്റ് വ്യവസായവുമായി ബന്ധപ്പെട്ടു നിൽക്കുന്ന മൂന്നു ലക്ഷം തൊഴലാളികളുടെ ഉപജീവനമാർഗവും പ്രതിസന്ധിയിലാണെന്നും ഇമാക് സംസ്ഥാന പ്രസിഡന്റ് രാജു കണ്ണമ്പുഴ, ജനറൽ സെക്രട്ടറി ബഹന്നാൻ കെ. അരീക്കൽ, ട്രഷറർ പ്രവീൺ ചന്ദ്രൻ എന്നിവർ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി രൂക്ഷം. വാണിജ്യ സിലണ്ടറുകള്ക്കു മാത്രമല്ല, ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്കും കടുത്ത ക്ഷാമമാണ് ഇപ്പോഴും നേരിടുന്നത്.
രണ്ടാഴ്ച മുന്‍പ് ബുക്ക് ചെയ്ത സിലിണ്ടറുകള്‍ പോലും ഇതുവരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു ലഭിച്ചിട്ടില്ല. നിലവില്‍ മിക്ക ഏജന്‍സികളും ബുക്കിംഗ് സ്വീകരിക്കുന്നതും നിര്‍ത്തിയിട്ടുണ്ട്. മുന്‍പ് ഗ്യാസ് കമ്പനികള്‍ അഞ്ച് കിലോയുടെ ചെറിയ ഗ്യാസ് കുറ്റികള്‍ വിതരണം ചെയ്തിരുന്നു.
എന്നാല്‍ എല്‍പിജി ക്ഷാമം രൂക്ഷമായതോടെ ഇതിന്റെ വിതരണവും തടസപ്പെട്ടിരിക്കുകയാണ്. എല്‍പിജി ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ പകുതിയോളം ഹോട്ടലുകള്‍ അടച്ചിരിക്കുകയാണ്.
അനധികൃതമായി ഗാര്‍ഹിക പാചക വാതക സിലിണ്ടറുകള്‍ ഹോട്ടലുകളിലേക്ക് കടത്തി ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ 1955 ലെ അവശ്യസാധനനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള എല്‍പിജി നിയന്ത്രണ ഉത്തരവ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനും സിവില്‍ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: ഗ്യാസ് സിലിണ്ടര്‍ ബുക്കിംഗിന്റെയും ബില്‍ അപ്ഡേഷന്റെയും പേരില്‍ സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവമാകുന്നു. ജാഗ്രത പാലിച്ചില്ലെങ്കില്‍ അക്കൗണ്ടില്‍ നിന്നു പണം നഷ്ടപ്പെടുന്നതിനു കണക്കുണ്ടാകില്ല.
സിലിണ്ടര്‍ ക്ഷാമം വന്നതോടെയാണ് തട്ടിപ്പുകാര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ആദ്യം മൊബൈല്‍ ഫോണിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശം വരും. തുടര്‍ന്ന് വാട്സാപ്പ് വഴി ബന്ധപ്പെടുന്ന തട്ടിപ്പുകാര്‍ /”ഗ്യാസ് ബിൽ അപ്ഡേറ്റ് എപികെ’ എന്ന പേരിലുള്ള ഒരു ഫയല്‍ അയച്ചു നല്‍കും.
ഗ്യാസ് ബുക്കിംഗ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനോ കുടിശിക തീര്‍ക്കാനോ ഈ ആപ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ആവശ്യപ്പെടും. ഈ എപികെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിന്റെ പൂര്‍ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാകും. ഇതിലൂടെ ഫോണിലുള്ള ബാങ്ക് വിവരങ്ങളും യുപിഐ പിന് നമ്പറുകളും ചോര്‍ത്തി ഉപയോക്താവ് അറിയാതെതന്നെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കും.
► അപരിചിത ലിങ്കുകള്‍ ഒഴിവാക്കുക: വാട്സാപ്പ് വഴിയോ എസ്എംഎസ് വഴിയോ ലഭിക്കുന്ന എപികെ ഫയലുകള്‍ യാതൊരു കാരണവശാലും ഇന്‍സ്റ്റാള്‍ ചെയ്യരുത്.
► സിലിണ്ടര്‍ ബുക്കിംഗിനും പേയ്മെന്റിനുമായി ഗ്യാസ് ഏജന്‍സികളുടെ ഔദ്യോഗിക വെബ്സൈറ്റുകളോ മൊബൈല്‍ ആപ്പുകളോ മാത്രം ഉപയോഗിക്കുക.
► അടിയന്തര സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ പരിഭ്രാന്തരാകാതെ അതിന്റെ സത്യാവസ്ഥ നേരിട്ട് ഏജന്‍സിയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.
► ബാങ്ക് വിവരങ്ങളോ പാസ്വേർഡുകളോ അപരിചിതമായ വെബ്സൈറ്റുകളിലോ ആപ്പുകളിലോ നല്‍കരുത്.
► സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍തന്നെ 1930 എന്ന ഹെല്പ്ലൈന് നമ്പറിലോ www.cybercrime.gov.in എന്ന പോര്‍ട്ടല്‍ വഴിയോ പരാതി രജിസ്റ്റര്‍ ചെയ്യണം.
Kerala
കോട്ടയം: അഗതിമന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, കന്യാസ്ത്രീ മഠങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ പാചകവാതക ഗ്യാസ് സിലിണ്ടറുകള്‍ ലഭ്യമാകുന്നതിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി കത്തയച്ചു.
വൃദ്ധജന സംരക്ഷണവും രോഗീപരിചരണവും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനോ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതിനോ സാധിക്കുകയില്ല.
ഇത്തരം സ്ഥാപനങ്ങളില്‍ പാചകവാതക സിലിണ്ടറുകള്‍ പ്രത്യേക പരിഗണനയോടെ നല്കുന്നതിനു നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
Business
പരവൂര്‍: പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്ത് പാചകവാതക ക്ഷാമം തുടരുന്നതിനിടെ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി ‘ഗ്യാസ് എടിഎം’ സംവിധാനം. ഗുരുഗ്രാമിലാണ് ഉത്തരേന്ത്യയിലെ ആദ്യത്തെ എല്‍പിജി സ്മാര്‍ട്ട് വെന്‍ഡിംഗ് മെഷീന് പ്രവര്‍ത്തനം ആരംഭിച്ചത്.
ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍) പൈലറ്റ് പ്രോജക്റ്റായി അവതരിപ്പിച്ച ഈ സംവിധാനത്തിലൂടെ രണ്ട് മുതല്‍ മൂന്ന് മിനിറ്റിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് സിലിണ്ടറുകള്‍ കൈപ്പറ്റാം.
പൂര്‍ണമായും ഓട്ടോമേറ്റഡ് ആയ ഈ വെന്‍ഡിംഗ് മെഷീന് 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ഒടിപി വഴി വിവരങ്ങള്‍ സ്ഥിരീകരിക്കാം. തുടര്‍ന്ന് ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് ഡിജിറ്റല്‍ പേയ്മെന്റ് നടത്തിയാല്‍ പുതിയ സിലിണ്ടര്‍ മെഷീനില്‍ നിന്ന് പുറത്തേക്ക് വരും.
ഒഴിഞ്ഞ സിലിണ്ടര്‍ മെഷീനുള്ളില്‍ തന്നെ സൂക്ഷിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. സോഹ്നയിലെ സെക്ടര്‍ 22-ലാണ് നിലവില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പരമ്പരാഗത ഇരുമ്പ് സിലിണ്ടറുകള്‍ക്ക് പകരം ഭാരം കുറഞ്ഞതും സുരക്ഷിതവുമായ ഫൈബര്‍ കോമ്പോസിറ്റ് സിലിണ്ടറുകളാണ് ഈ എടിഎം വഴി വിതരണം ചെയ്യുന്നത്. സാധാരണ സിലിണ്ടറുകള്‍ക്ക് 31 കിലോഗ്രാമോളം ഭാരമുള്ളപ്പോള്‍ പുതിയ സിലിണ്ടറുകള്‍ക്ക് 15 കിലോ മാത്രമാണ് ഭാരം.
തുരുമ്പെടുക്കാത്തതും ശുചിത്വമുള്ളതുമായ ഈ സിലിണ്ടറുകളുടെ സുതാര്യമായ രൂപകല്‍പ്പന പാചകവാതകത്തിന്റെ അളവ് നേരിട്ട് മനസിലാക്കാന്‍ സഹായിക്കും. 10 സിലിണ്ടറുകള്‍ വരെ ഒരേസമയം സൂക്ഷിക്കാന്‍ കഴിയുന്ന മെഷീനില്‍ സ്റ്റോക്ക് കുറയുമ്പോള്‍ ഗ്യാസ് ഏജന്‍സിക്ക് സ്വയം സന്ദേശം ലഭിക്കുന്ന സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗുരുഗ്രാമിലെ ഈ പരീക്ഷണം വിജയകരമായാല്‍ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലേക്കും എല്‍പിജി എടിഎമ്മുകള്‍ വ്യാപിപ്പിക്കാനാണ് ബിപിസിഎല്‍ ലക്ഷ്യമിടുന്നത്.
Kerala
പുതുക്കാട്: കൊച്ചി-സേലം പാചകവാതക പൈപ്പ്ലൈനിൽ ചോർച്ച. പുതുക്കാട് പാലിയേക്കരയിൽ ബിപിസിഎൽ പെട്രോൾ പൈപ്പ്ലൈനിന്റെ അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികൾ പൈപ്പ്ലൈൻ മാറി എട്ടുമീറ്റർ അപ്പുറത്തുള്ള കെഎസ്പിപിഎൽ കമ്പനിയുടെ ഗ്യാസ് പൈപ്പ്ലൈനിൽ ഡ്രില്ല് ഉപയോഗിച്ചതാണ് ചോർച്ചയ്ക്കു കാരണം.
വലിയതോതില്‍ എല്‍പിജി ചോര്‍ച്ച ഉണ്ടായതോടെ പൈപ്പ് ലൈനിന്റെ രണ്ടുവശത്തുള്ള വാല്‍വ് അടച്ചു. പുതുക്കാട് അഗ്നിരക്ഷാസേന ചോര്‍ച്ചയിലേക്കു വെള്ളം പമ്പ് ചെയ്തു സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
ചോര്‍ച്ചയുണ്ടായ പ്രദേശത്തു ഗന്ധം അനുഭവപ്പെടുന്നുണ്ട്. മേഖലയിലെ വീടുകളിലും സ്ഥാപനങ്ങളിലും പോലീസും അഗ്നിരക്ഷാസേനയും വില്ലേജ് ഓഫീസ് അധികൃതരുമെത്തി മുന്‍കരുതൽ നിർദേശങ്ങൾ നൽകി. വീടുകളിലും സ്ഥാപനങ്ങളിലും തീ ഉപയോഗിക്കുന്നതിലും വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
പൈപ്പ് ലൈനിന്റെ ചുമതലയുള്ള കെഎസ്പിപിഎല്‍, പെട്രോളിയം കമ്പനികളായ ബിപിസിഎല്‍, ഐഒസിഎല്‍ അധികൃതർ സ്ഥലത്തെത്തിയിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. ഗ്യാസ് ചോർച്ച തുടരുന്നതിനിടെ മണലി-മടവാക്കര റോഡ് അടച്ച് ഗതാഗതം നിരോധിച്ചിരുന്നു.
ആശങ്കയായി തീപിടിത്തം
പാചകവാതക പൈപ്പ് ലൈന്‍ ചോര്‍ച്ച തുടരുന്നതിനിടെ പാലിയേക്കര പഴയ ദേശീയപാതയോരത്തെ പാടത്ത് തീപടര്‍ന്നത് ആശങ്ക പരത്തി. ഇന്നലെ ഉച്ചയ്ക്കാണ് പാതയോരത്തെ വര്ക്ഷോപ്പുകള്ക്കു സമീപം മാലിന്യത്തില്‍ തീ പടര്‍ന്നത്.
കാറ്റിന്റെ ശക്തിയില്‍ തീ പാടത്തേക്കു വ്യാപിച്ചെങ്കിലും പുതുക്കാടുനിന്ന് ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. മാലിന്യക്കൂമ്പാരത്തിന് ആരോ തീയിട്ടതാണെന്നു പറയുന്നു. തീപിടിത്തമുണ്ടായ പാടത്തിന് അരക്കിലോമീറ്റര്‍ മാറിയാണ് ഗ്യാസ് പൈപ്പ് ലൈന്‍ ചോര്‍ച്ച.
Kerala
പുതുക്കാട്: പാചകവാതക പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായ സംഭവത്തില്‍ നഷ്ടമായത് 63,000 സിലിണ്ടറുകള്‍ നിറയ്ക്കുന്നതിനുള്ള പാചകവാതകമെന്നു കണക്ക്.
കൊച്ചി-സേലം പൈപ്പ് ലൈനില്‍ ഒരടി വ്യാസമുള്ള പൈപ്പിന്റെ 12 കിലോമീറ്റര്‍ വരുന്ന ഭാഗത്താണ് ചോര്‍ച്ച ഉണ്ടായത്. ഈ സമയം 900 ടണ്‍ പാചകവാതകം പൈപ്പിലുണ്ടായിരുന്നു എന്നുപറയുന്നു.
പൈപ്പ് ലൈനില്‍ നെല്ലായിയിലും മരത്താക്കരയിലുമുള്ള വാല്‍വുകള്‍ അടച്ചശേഷം ഈ ഭാഗത്തെ ഗ്യാസ് നീക്കംചെയ്ത് വെള്ളംനിറച്ച് പമ്പ് ചെയ്തു വൃത്തിയാക്കിയശേഷം വേണം ചോര്‍ച്ച അടയ്ക്കാന്‍. ഇതിനു കുറഞ്ഞതു മൂന്നുദിവസമെടുക്കും. ഈ സമയമത്രയും ചോര്‍ച്ചയിലൂടെ പുറത്തുപോകുന്ന ഗ്യാസിൽ വെള്ളം പമ്പുചെയ്ത് ശക്തി കുറച്ചുകൊണ്ടിരിക്കുകയും വേണം.
ഇന്നലെ വൈകുന്നേരം ആറുവരെ പുതുക്കാട് അഗ്നിരക്ഷാസേന ആറു യൂണിറ്റ് വെള്ളം ഇതിനായി ഉപയോഗിച്ചു. പൈപ്പിന്റെ ചോര്‍ച്ചയുള്ള ഭാഗത്തു പുറത്തേക്കുവരുന്ന വാതകവും വെള്ളവുമായി ചേര്‍ന്ന് ഐസ് രൂപപ്പെടുന്നതു ചോര്‍ച്ച കുറയാന്‍ സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
പെട്രോളിയം കമ്പനി അധികൃതര്‍ തെറ്റായി ലൊക്കേഷന്‍ അടയാളപ്പെടുത്തിയതാണ് പൈപ്പ് മാറി തുളയ്ക്കാന് കാരണമെന്നു കെഎസ്പിപിഎല്‍ അധികൃതര്‍ പറഞ്ഞു.
Kerala
പരവൂർ: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയിലെ പാചകവാതക വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കി. മാർച്ച് ആദ്യ പകുതിയിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ എൽപിജി ഉപഭോഗം 17.7 ശതമാനം കുറഞ്ഞു.
വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ കാരണം ഗാർഹിക പാചകവാതക ലഭ്യത ഉറപ്പാക്കാൻ വാണിജ്യസ്ഥാപനങ്ങൾക്കുള്ള വിതരണം സർക്കാർ വെട്ടിക്കുറച്ചു. കഴിഞ്ഞ വർഷം മാർച്ച് ആദ്യ രണ്ടാഴ്ചയിൽ 1.387 ദശലക്ഷം ടണ്ണായിരുന്ന ഉപയോഗം ഇത്തവണ 1.147 ദശലക്ഷം ടണ്ണായി ചുരുങ്ങി.
ഫെബ്രുവരി ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ 26.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ പാചകവാതക ആവശ്യത്തിന്റെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.
യുദ്ധം കാരണം ഗൾഫ് രാജ്യങ്ങളിൽ വ്യോമപാതകൾ അടച്ചതോടെ വിമാന ഇന്ധനമായ എടിഎഫ് ഉപഭോഗത്തിലും നാല് ശതമാനം കുറവുണ്ടായിട്ടുണ്ട്. എന്നാൽ പെട്രോൾ, ഡീസൽ വിൽപനയിൽ വർധനയുണ്ടായി. പെട്രോൾ വിൽപന 13.2 ശതമാനവും ഡീസൽ ഉപയോഗം 8.2 ശതമാനവും ഉയർന്നു.
Kerala
കൊച്ചി: ഹോട്ടലുകളെ അവശ്യസര്‍വീസായി പ്രഖ്യാപിച്ച് പാചകവാതകം ഹോട്ടലുകള്‍ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളിലേക്ക് കടന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്(കെഎച്ച്ആര്‍എ).
വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടും മുന്‍ഗണനാപട്ടികയില്‍ ഹോട്ടലുകളെ ഉള്‍പ്പെടുത്താത്തിനാല്‍ ഹോട്ടലുകള്‍ക്ക് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നില്ല.
സ്വകാര്യ കമ്പനികള്‍ അവസരം മുതലാക്കി ഗ്യാസിന് വന്‍ വിലവര്‍ധന വരുത്തിയിരിക്കുകയാണ്. ലക്ഷകണക്കിനാളുകളെ നേരിട്ട് ബാധിക്കുന്ന വിഷയമായിട്ടും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ നിസംഗത പുലര്‍ത്തുകയാണ്.
ഹോട്ടലുകളെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച എണ്ണക്കമ്പനികളുടെ ബോട്ടിലിംഗ് പ്ലാന്റിലേക്ക് മാര്‍ച്ച് നടത്തും. തുടര്‍ന്ന് 23ന് സംസ്ഥാനവ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്തുമെന്നും പ്രസിഡന്റ് ജി. ജയപാല്‍, ജനറല്‍ സെക്രട്ടറി എന്‍. അബ്ദുള്‍ റസാഖ് എന്നിവര്‍ അറിയിച്ചു.
District News
വൈപ്പിൻ: പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ പാചകവാതകത്തിനു ക്ഷാമം നേരിട്ടതോടെ മുനമ്പം - മുരുക്കുംപാടം മത്സ്യബന്ധന മേഖല ഭാഗികമായി സ്തംഭിച്ചു. 70 ശതമാനത്തോളം ബോട്ടുകളും തീരത്ത് കെട്ടിയിരിക്കുകയാണ്. പുലർച്ചെ പോയി വൈകുന്നേരത്തോടെ തീരമണയുന്ന ചെറിയ ബോട്ടുകളും പാചകവാതകം സ്റ്റോക്കുള്ള ഏതാനും വലിയ ബോട്ടുകളും മാത്രമാണ് ഇപ്പോൾ മത്സ്യബന്ധനത്തിന് പോകുന്നത്.
പാചകവാതകം തീരുന്ന മുറയ്ക്ക് ഈ വലിയ ബോട്ടുകളും തീരത്ത് കെട്ടും. ചെറിയ ബോട്ടിലെ തൊഴിലാളികൾ ആകട്ടെ വീട്ടിൽ നിന്ന് ഭക്ഷണപ്പൊതിയുമായി എത്തിയാണ് കടലിലേക്ക് പോകുന്നത്.
മുൻകാലങ്ങളിൽ മത്സ്യബന്ധന ബോട്ടുകളിൽ ഭക്ഷണം പാകം ചെയ്യാൻ മണ്ണെണ്ണ സ്റ്റൗവ് ആയിരുന്നു ഉപയോഗിച്ചിരുന്നത് . എന്നാൽ പിൽക്കാലത്ത് പാചകവാതകം വ്യാപകമായതും മണ്ണെണ്ണ ലഭിക്കാതെവന്നതോടുംകൂടെയാണ് ബോട്ടുകൾ പാചകവാതകത്തിലേക്ക് തിരിഞ്ഞത്. പാചകവാതകം കിട്ടാതെ വന്നതോടെ മത്സ്യ മേഖലയിലെ മിക്ക ഹോട്ടലുകളും പൂട്ടി. പ്രതിസന്ധി മൂർച്ഛിച്ചതോടെ മത്സ്യ മേഖലയിലുള്ള അതിഥി തൊഴിലാളികളും സ്ഥലംവിട്ടു തുടങ്ങി.
ഏതാനും ദിവസങ്ങൾക്കുള്ളിൽ അനുബന്ധ മേഖലകളും സ്തംഭിക്കുമെന്നാണ് മത്സ്യമേഖലയിലുള്ളവർ പറയുന്നത്. ഈ സാഹചര്യത്തിൽ മത്സ്യ മേഖലയിലേക്ക് പ്രത്യേകം ക്വാട്ട അനുവദിച്ച് പാചകവാതകം എത്തിക്കണമെന്ന് മുനമ്പം ഫിഷിംഗ് ബോട്ട് കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.ബി. രാജീവ് ജനറൽ സെക്രട്ടറി ഷെബിർ ബാവ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. നാളെ എണ്ണ കമ്പനികളുടെ ബോട്ട്ലിംഗ് പ്ലാന്റുകളിലേക്ക് മാർച്ച് നടത്തും. അതേസമയം, ആശങ്ക വേണ്ടെന്ന് ആവർത്തിക്കുകയാണ് കേന്ദ്ര സർക്കാർ.
ഹോട്ടലുകളെ അവശ്യ സർവീസായി പ്രഖ്യാപിച്ച് പാചകവാതകം ഹോട്ടലുകൾക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സമരം നടത്തുന്നത്. അതേസമയം, എൽപിജി പൂഴ്ത്തിവയ്പ്പിനെതിരെ രാജ്യവ്യാപക നടപടികൾ തുടരുകയാണ്. പൂഴ്ത്തിവച്ച 15,000 സിലിണ്ടറുകൾ പിടിച്ചെടുത്തു. ഇറാനിൽ നിന്ന് കൂടുതൽ ടാങ്കറുകൾ ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ തുടരുകയാണ്.
National
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് എൽപിജി ക്ഷാമം കൂടുതൽ രൂക്ഷമാകുന്നതിനിടെ പ്രശ്നപരിഹാരത്തിന് ഊർജിത ശ്രമങ്ങളുമായി കേന്ദ്രം.
46,000 ടണ്‍ എല്‍പിജിയുമായി തിങ്കളാഴ്ച ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ശിവാലിക് എന്ന കപ്പല്‍ എത്തിയതിനു പിന്നാലെ 47,000 മെട്രിക് ടണ്‍ എല്‍പിജിയുമായി മറ്റൊരു എല്‍പിജി കാരിയറായ നന്ദാദേവി ഗുജറാത്തിലെ വാദിനാര്‍ തുറമുഖത്തും എത്തി.
ക്ഷാമം അവസാനിപ്പിക്കാനായി രാജ്യത്തിനകത്തും പുറത്തും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതായി കേന്ദ്രസർക്കാർ ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിനെ അറിയിച്ചു. എൽപിജി വിതരണക്കാർ നൽകിയ ഹർജിയെത്തുടർന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഹർജിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 12ന് കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചിരുന്നു.
എൽപിജി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ദ്രവീകൃത പ്രകൃതിവാതകത്തിലേക്കു മാറാൻ കേന്ദ്രസർക്കാർ ഉപഭോക്താക്കളോട് ആഹ്വാനം ചെയ്യുന്നുണ്ട്. രാജ്യത്തെ എൽപിജി വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.
വിതരണകേന്ദ്രങ്ങളിൽ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല. റിഫൈനറികളിൽനിന്നുള്ള ആഭ്യന്തര ഉത്പാദനം 38 ശതമാനത്തോളം വർധിച്ചു. ഓൺലൈൻ ബുക്കിംഗ് 94 ശതമാനമായി ഉയർന്നു.
പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കുമെതിരേ കർക്കശ നടപടിയാണു പുരോഗമിക്കുന്നത്. ഏകദേശം 12,000 ലധികം റെയ്ഡുകളിലൂടെ 15,000ത്തോളം സിലിണ്ടറുകൾ പിടിച്ചെടുത്തുവെന്നും വിശദീകരണമുണ്ട്.
ഡല്‍ഹി, മുംബൈ, ബംഗളൂരു, കോല്‍ക്കത്ത എന്നിവയുൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധനക്ഷാമം അതിരൂക്ഷമാണ്.
Kerala
പരവൂർ: രാജ്യത്ത് പാചകവാതക (എൽപിജി) പ്രതിസന്ധി രൂക്ഷമായതോടെ ജനങ്ങളുടെ ഭക്ഷണശീലങ്ങളിൽ വൻ മാറ്റം. സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് വിഭവങ്ങൾക്കും ഫ്രോസൺ ലഘുഭക്ഷണങ്ങൾക്കും വിപണിയിൽ ആവശ്യക്കാരേറി.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരം ഉത്പന്നങ്ങളുടെ വിൽപനയിൽ 20 ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയത്. ഇൻസ്റ്റന്റ് നൂഡിൽസ്, ബിരിയാണി കിറ്റുകൾ, തായ് കറി പേസ്റ്റുകൾ എന്നിവ ചില്ലറ വിൽപനശാലകളിൽനിന്നും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നും വൻതോതിൽ വിറ്റഴിയുന്നു.
പാചകവാതകം ഗാർഹിക വിതരണത്തിനു മുൻഗണന നൽകാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും സിലിണ്ടറുകൾ ലഭിക്കാൻ നേരിടുന്ന കാലതാമസം വീട്ടമ്മമാരെ ഇൻസ്റ്റന്റ് ഭക്ഷണങ്ങളിലേക്കു തിരിയാൻ പ്രേരിപ്പിക്കുന്നു.
ഇൻസ്റ്റന്റ് ഭക്ഷണവിഭാഗത്തിൽ മാത്രം 10 മുതൽ 12 ശതമാനം വരെ വളർച്ചയുണ്ടായതായി പ്രമുഖ റീട്ടെയിൽ വ്യാപാരികൾ വ്യക്തമാക്കുന്നു. ജോലി ചെയ്യുന്ന പ്രഫഷണലുകൾക്കിടയിൽ പ്രോട്ടീൻ ഓട്സ്, മില്ലറ്റ് മ്യൂസ്ലി തുടങ്ങിയ പോഷകാഹാരങ്ങൾക്കും സ്വീകാര്യത വർധിച്ചു.
പാചകവാതകത്തിനു പകരമായി ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ, ഇലക്ട്രിക് കുക്കറുകൾ എന്നിവ വാങ്ങുന്നവരുടെ എണ്ണത്തിലും വൻ കുതിച്ചുചാട്ടമുണ്ട്. ഇൻഡക്ഷൻ അടുപ്പുകളുടെ ദൈനംദിന വിൽപന മൂന്നിരട്ടിയായാണ് വർധിച്ചത്. പല പ്രമുഖ ഇലക്ട്രോണിക്സ് ഷോറൂമുകളിലും ഇത്തരം ഉപകരണങ്ങളുടെ സ്റ്റോക്ക് തീർന്ന അവസ്ഥയാണ്.
പ്രതിസന്ധി നീണ്ടുനിൽക്കുകയാണെങ്കിൽ ഉപഭോക്താക്കൾക്കിടയിൽ റെഡി-ടു-ഈറ്റ് സംസ്കാരം കൂടുതൽ വ്യാപകമാകുമെന്നും ഇതു വിപണിയിൽ ദീർഘകാല മാറ്റങ്ങൾക്കു വഴിവയ്ക്കുമെന്നും ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു.
National
ന്യൂഡൽഹി: രാജ്യത്തെ പാചകവാതക ക്ഷാമവും എൽപിജി പൂഴ്ത്തിവയ്പും തടയാൻ സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖാർഗെ.
പശ്ചിമേഷ്യൻ സംഘർഷം ഉടലെടുത്തപ്പോൾത്തന്നെ സർക്കാർ ഇന്ത്യൻ പൗരന്മാർക്കു മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അതിനാൽത്തന്നെ സംഘർഷം ഇന്ധനവിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാരിന് അറിവുണ്ടായിരുന്നതായും രാജ്യസഭയുടെ ശൂന്യവേളയിൽ സംസാരിക്കവേ ഖാർഗെ ചൂണ്ടിക്കാട്ടി.
എൽപിജി ഇറക്കുമതികൾക്ക് പ്രതിസന്ധിയുണ്ടാകുമെന്ന് സർക്കാരിനു ബോധ്യമുണ്ടായിരുന്നെങ്കിൽ പിന്നീട് എന്തുകൊണ്ട് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്നും വിഷയം സഭയിൽ വിശദമായി ചർച്ച ചെയ്യണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
രാജ്യത്ത് എൽപിജി ക്ഷാമമില്ലെന്ന സർക്കാർ വാദം ശരിയല്ല. എൽപിജി പ്രതിസന്ധി ദരിദ്രരെയും സാധാരണക്കാരെയും മധ്യവർഗത്തെയും ഹോട്ടലുകളെയും വാണിജ്യ ഉപയോക്താക്കളെയും ഒരുപോലെ ബാധിക്കുകയാണെന്നും ഖാർഗെ പറഞ്ഞു.
ഖാർഗെയ്ക്കുപിന്നാലെ സഭയിൽ സംസാരിച്ച സഭാനേതാവ് ജെ.പി. നഡ്ഡ പ്രതിസന്ധിഘട്ടത്തിലും വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ ശ്രമിക്കുന്നതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി.
പ്രതിസന്ധിഘട്ടത്തിൽ രാജ്യത്തിനോടൊപ്പം നിലകൊള്ളുന്നതിനു പകരം അവർ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിസന്ധി ഇന്ത്യ മൂലമുണ്ടായതല്ലെന്നും നഡ്ഡ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: പാചകവാതക ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഡക്ഷന്‍ കുക്കറിന് വിപണയില്‍ വന്‍ ഡിമാന്റ്. ഹോം അപ്ലയന്‍സ് ഷോപ്പുകളില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
വീടുകളിലേക്കു മാത്രമല്ല, ഹോട്ടലുകളിലേക്കും കുക്കറുകള്‍ വാങ്ങുന്നുണ്ട്. ആവശ്യക്കാര്‍ പൊതുവേ കുറവായിരുന്നതിനാല്‍ ഈ ഉപകരണത്തിന്റെ സ്റ്റോക്ക് കടകളില്‍ കുറവായിരുന്നു. 1,200 രൂപ മുതലുള്ള ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വിപണിയില്‍ ലഭ്യമാണ്. 1,800 മുതല്‍ 2,500 രൂപ വരെയുള്ള മോഡലുകളാണ് കൂടുതലായി വിറ്റുപോകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. നഗര പ്രദേശങ്ങളിലാണ് കൂടുതല്‍ ആവശ്യക്കാര്‍. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ഇന്‍ഡക്ഷന്‍ കുക്കറുകളുടെ വില്പന കുതിച്ചുയരുകയാണ്.
ഒപ്പം വിറക് വിപണിയും സജീവമാണ്. വില കുതിച്ചുയരുകയാണ്. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ വിറകിന്റെ വില ടണ്ണിന് 1000 മുതല്‍ 1500 വരെ വര്‍ധിച്ചതായി കച്ചവടക്കാര്‍ പറയുന്നു. വന്‍കിട ഹോട്ടലുകള്‍ വിറക് വാങ്ങാന്‍ തുടങ്ങിയതോടെ പ്രാദേശിക വിപണിയില്‍ ലഭ്യത കുറഞ്ഞിട്ടുണ്ട്. പുളിമരത്തിന്റെ വിറക് ടണ്ണിന് 5000 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 6000 രൂപയായി. പടുവിറകിന്റെ വില ടണ്ണിന് 3200 രൂപയില്‍നിന്ന് 4200 രൂപയായും റബര്‍ വിറകിന്റെ വില 4000 രൂപയില്‍ നിന്ന് 5000 രൂപയായും ഉയര്‍ന്നു. വിറക് ചുള്ളിയുടെ വിലയിലും വര്‍ധനവുണ്ട്.
Kerala
പരവൂർ: പാചകവാതക വിതരണത്തെക്കുറിച്ച് വ്യാജ പ്രചാരണങ്ങൾ ശക്തമായതോടെ ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ ഉപഭോക്താക്കൾ കൂട്ടത്തോടെ എത്തിയത് സർവറുകളെ പ്രതിസന്ധിയിലാക്കി.
ഈ സാഹചര്യത്തിൽ വൈകുന്നേരം ആറിനു ശേഷം സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ഉപഭോക്താക്കൾക്ക് നിർദേശം നൽകി. തിരക്ക് കുറഞ്ഞ സമയങ്ങളിൽ ബുക്കിംഗ് നടത്തുന്നത് കൂടുതൽ വേഗത്തിലും സുഗമമായും പ്രക്രിയ പൂർത്തിയാക്കാൻ സഹായിക്കുമെന്ന് ഐഒസി അധികൃതർ അറിയിച്ചു.
നിലവിൽ സാധാരണയേക്കാൾ പത്തിരട്ടി വരെ തിരക്കാണ് ബുക്കിംഗ് സർവറുകളിൽ അനുഭവപ്പെടുന്നത്. ഐവിആർ സംവിധാനം വഴിയുള്ള ബുക്കിംഗും പലയിടങ്ങളിലും തടസപ്പെടുന്നുണ്ട്. പാചകവാതക ക്ഷാമമുണ്ടാകുമെന്ന ആശങ്കയിൽ ആളുകൾ കൂട്ടത്തോടെ റീഫിൽ ബുക്ക് ചെയ്യുന്നതാണ് തിരക്കിന് കാരണം. എന്നാൽ രാജ്യത്ത് ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ആഭ്യന്തര ഉത്പാദനം 28 ശതമാനത്തോളം വർധിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഗാർഹിക ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സർക്കാർ വ്യക്തമാക്കി.
വാട്സാപ്പ് (7588888224), മൊബൈൽ ആപ്പ്, ബിബിപിഎസ് പ്ലാറ്റ്ഫോമുകൾ എന്നിവ വഴിയും ബുക്കിംഗ് നടത്താം. ഇ-കെ വൈസി പൂർത്തിയാക്കിയവർക്ക് മാത്രമേ നിലവിൽ ബുക്കിംഗ് സാധ്യമാകൂ. ഒരു സിലിണ്ടർ ലഭിച്ച് 25 ദിവസം കഴിഞ്ഞാൽ മാത്രമേ അടുത്ത ബുക്കിംഗ് നടത്താൻ അനുവാദമുണ്ടാകൂ എന്ന നിയമം കർശനമായി തുടരും.
സിലിണ്ടർ കൈപ്പറ്റുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഡെലിവറി ഓതന്റിക്കേഷൻ കോഡ് (ഡാക്ക്) നൽകുന്നത് നിർബന്ധമാണെന്നും ഐഒസി അറിയിച്ചു. രാത്രി 10 മുതൽ രാവിലെ ആറ് വരെ നടത്തുന്ന ബുക്കിംഗുകൾ രാവിലെ ആറിന് ശേഷമായിരിക്കും പ്രോസസ് ചെയ്യുകയെന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
National
വാരാണസി: പാചകവാതക പ്രതിസന്ധിയെത്തുടർന്ന് വാരാണസിയിലെ അന്നപൂർണ ക്ഷേത്രത്തിൽ പ്രസാദവിതരണം മുടങ്ങി.
വിശ്വാസികൾക്കു പ്രസാദം തയാറാക്കുന്നതിന് വലിയ ബുദ്ധിമുട്ട് നേരിടുകയാണെന്ന് ക്ഷേത്രപൂജാരി മഹന്ത് ശങ്കർ ഗിരി മഹാരാജ് പറഞ്ഞു.
ക്ഷേത്രത്തിൽ ഭക്ഷണം തയാറാക്കുന്ന രണ്ട് യൂണിറ്റുകളിൽ ഒന്ന് ഇന്നലെമുതൽ അടച്ചിട്ടിരിക്കുകയാണ്. രണ്ടാമത്തേതും ഏതുസമയവും അടച്ചിടേണ്ട സ്ഥിതിയാണ് -അദ്ദേഹം പറഞ്ഞു.
പാചകവാതക വിതരണത്തിൽ തടസമില്ലെന്നും കരിഞ്ചന്തയ്ക്കെതിരേ കർക്കശ നടപടിയുണ്ടാകുമെന്നും ഉത്തർപ്രദേശ് സർക്കാർ ആവർത്തിക്കുന്നതിനിടെയാണ് ക്ഷേത്രം പൂജാരിയുടെ പ്രതികരണം.
പ്രതിദിനം കാൽ ലക്ഷത്തോളം പേർക്കാണു ക്ഷേത്രത്തിൽനിന്ന് പ്രസാദം നൽകുന്നത്. ഇന്നലെയാകട്ടെ 3000 ഭക്തർക്കു മാത്രമാണ് പ്രസാദം നൽകാനായത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് അയവില്ല. വാണിജ്യ സിലണ്ടറുകള്ക്കു മാത്രമല്ല, ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്കും കടുത്ത ക്ഷാമമാണ് ഇന്നലെയും നേരിട്ടത്.
10 ദിവസം മുന്‍പ് ബുക്ക് ചെയ്ത സിലിണ്ടറുകള്‍ പോലും ഇതുവരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു ലഭിച്ചിട്ടില്ല. നിലവില്‍ മിക്ക ഏജന്‍സികളും ബുക്കിംഗ് സ്വീകരിക്കുന്നതും നിര്‍ത്തിയിരിക്കുകയാണ്.
അതേസമയം മധ്യപൂര്‍വേഷ്യയില്‍ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിലുണ്ടായ ഗുരുതര സാഹചര്യം നേരിടുന്നതിനായി മന്ത്രി ജി.ആര്. അനിലിന്റെ അധ്യക്ഷതയിലും തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ഓയില്‍ കമ്പനി പ്രതിനിധികളുടെയും യോഗം ചേര്‍ന്നു. ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ പ്രതിനിധികള്‍ യോഗത്തില്‍ യോഗത്തില്‍ പങ്കെടുത്തു. സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റില്‍ ഇതിനായി ഒരു വാര് റൂം സജ്ജമാക്കിയിട്ടുണ്ട്.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലണ്ടര്‍ വിതരണത്തിലെ നിയന്ത്രണത്തില്‍ ആവശ്യമായ ഇളവുകള്‍ നല്‍കണമെന്ന് ഓയില്‍ കമ്പനികളോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം അഭ്യര്‍ഥിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് മന്ത്രി ജി.ആര്. അനില്‍ കത്തു നല്കി.
മുന്‍ഗണനാമേഖലകളായ വൃദ്ധസദനങ്ങള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍, സ്കൂളുകള്‍, ജനകീയ/സുഭിക്ഷാ ഹോട്ടലുകള്‍ എന്നിവിടങ്ങളിലും സ്കൂള്‍, കോളജ് ഹോസ്റ്റലുകളിലും ഹോസ്റ്റലുകളോടു ചേര്‍ന്നുള്ള ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകള്‍, സര്‍ക്കാര്‍ പൊതുമേഖല ഓഫീസ് കാമ്പസിലെ കാന്റീനുകള്‍ എന്നിവയിലും മുന്‍ഗണന നല്കി വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ തയാറാകണമെന്നുള്ള സര്‍ക്കാരിന്റെ അഭ്യര്‍ഥന അനുകൂലമായി പരിഗണിക്കാമെന്ന് ഓയില്‍ കമ്പനികള്‍ അറിയിച്ചു. ഇതിലേക്കായി മുന്‍ഗണനാ മേഖലകളുടെയും സ്ഥാപനങ്ങളുടെയും പട്ടിക പൊതുവിതരണ വകുപ്പ് അംഗീകരിച്ച് ഓയില്‍ കമ്പനികള്‍ക്ക് കൈമാറണമെന്നും യോഗം തീരുമാനിച്ചു.
Kerala
കോട്ടയം: രാജ്യത്ത് ഗാര്‍ഹിക- വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ പ്രതിസന്ധി സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് സത്യാവസ്ഥ വ്യക്തമാക്കണമെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ മാണി എംപി.
സിലിണ്ടര്‍ വിതരണത്തിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കാന്‍ പ്രായോഗിക നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
Kerala
കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമംമൂലം സംസ്ഥാനത്തെ ടൂറിസം-ഹോട്ടല്‍ മേഖല പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി. ആയിരക്കണക്കിനു തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലി നോക്കുന്നത്. നിലവില്‍ പലതും പൂട്ടിയിടേണ്ട അവസ്ഥയിലാണ്.
മാര്‍ച്ചില്‍ പരീക്ഷകള്‍ കഴിഞ്ഞ് ടൂറിസം സീസണ് വീണ്ടും സജീവമാകുമ്പോള്‍ ഈ മേഖലയ്ക്കു വലിയ വരുമാന നഷ്ടം ഉണ്ടാകുമെന്നും കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പ്രസ്താവനയിൽ പറഞ്ഞു. പുകയടുപ്പുകളുടെ ഉപയോഗം കഴിവതും നിയന്ത്രിക്കണമെന്ന സർക്കാർ ആഹ്വാനം നടപ്പാക്കിവരുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധിയുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പാചകവാതക ക്ഷാമം അതിരൂക്ഷമായി ബാധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകൾ. ഇതിൽ തന്നെ എൻജിനിയറിംഗ് കോളജ് ഹോസ്റ്റലുകളിലെ സ്ഥിതി ആശങ്കാജനകമാണ്.
സംസ്ഥാനത്ത് എൻജിനിയറിംഗ് കോളജുകളിൽ ഇന്റേണൽ പരീക്ഷകൾ നടക്കുകയാണ്. നിലവിലെ സാഹചര്യം തുടർന്നാൽ എൻജിനിയറിംഗ് കോളജുകളുടെ ഉൾപ്പെടെ ഹോസ്റ്റലുകൾ അടച്ചിടേണ്ട സാഹചര്യം ഉണ്ടാവും.
തിരുവനന്തപുരം പൂജപ്പുരയിലെ എൽബിഎസ് വനിതാ എൻജിനിയറിംഗ് കോളജിന്റെ ഹോസ്റ്റലിൽ ഇന്നലെ വൈകുന്നേരംവരെ ഉപയോഗിക്കാനുള്ള പാചകവാതകമാണ് സ്റ്റോക്കുള്ളത്. ഇന്ന് ഗ്യാസ് ലഭിച്ചില്ലെങ്കിൽ 600 റോളം വരുന്ന ഹോസ്റ്റൽ വിദ്യാർഥികൾ പട്ടിണിയിലാവും.
ഇത്തരമൊരു സാഹചര്യമുണ്ടായാൽ കോളജ് അടച്ചിടുകയല്ലാതെ മറ്റൊരു മാർഗവുമില്ല. നിലവിൽ പൂജപ്പുര കോളജിലെ കാന്റീനിൽ ഉച്ചഭക്ഷണം നിർത്തലാക്കിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. ഹോസ്റ്റൽ വിദ്യാർഥികൾക്ക് തിളപ്പിച്ചാറിച്ച വെള്ളമായിരുന്നു നല്കി വന്നിരുന്നത്. പാചകവാതക ക്ഷാമം മൂലം ഇപ്പോൾ ഫിൽറ്റർ ചെയ്തു കുടിവെള്ളം നല്കുന്ന സ്ഥിതിയിലേക്കു മാറി.
സംസ്ഥാനത്തെ കൂടുതൽ വിദ്യാർഥികൾ ഹോസ്റ്റലിൽ കഴിയുന്ന കോളജുകളിലെ എല്ലാം ഹോസ്റ്റലുകളിലെ സ്ഥിതി ഇതാണ്. കാസർഗോഡ് എൽബിഎസ് കോളജിലും തിരുവനന്തപുരം ബാർട്ടണ്‍ ഹിൽസ് എൻജിനിയറിംഗ് കോളജ് ഹോസ്റ്റലിലുമെല്ലാം രൂക്ഷമായ എൽപിജി ക്ഷാമമാണ് നേരിടുന്നത്. റസിഡൻഷൽ സ്കൂളുകളുടെ ഹോസ്റ്റലുകളിലും സമാനമായ സ്ഥിതിയാണ്. സ്കൂളുകളിലും ഇപ്പോൾ പരീക്ഷാ സമയമായതിനാൽ സ്കൂൾ അധികൃതരും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
പാചകവാതക പ്രതിസന്ധി ഐടി മേഖലയെയും ബാധിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഐടി കന്പനികളിലെല്ലാം രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഫഷണലുകളാണ് ജോലി ചെയ്യുന്നത്. ഇതിൽതന്നെ പലരും നഗരത്തിലെ ഹോസ്റ്റലുകളിൽ ഉൾപ്പെടെ താമസിക്കുന്നവരാണ്. ഹോസ്റ്റലുകളിൽ പലതിലും എൽപിജി ക്ഷാമം രൂക്ഷമായി.
തിരുവനന്തപുരം ടെക്നോപാർക്കിലെ കാന്റീനുകളിൽ ഉൾപ്പെടെ പാചകവാതക പ്രതിസന്ധി ആരംഭിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ടെക്നോപാർക്കിലെ പല കന്പനികളും വർക്ക് ഫ്രം ഹോമിലേക്ക് മാറുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നു ടെക്നോപാർക്കിലെ പ്രധാന ഐടി കന്പനിയുടെ പ്രതിനിധി പറഞ്ഞു.
Leader Page
‘എരിതീയില്‍ എണ്ണയൊഴിക്കുക’ എന്നൊരു പഴഞ്ചൊല്ലുണ്ട്. ആഗോള എണ്ണ, വാതക വിപണിയെ ആളിക്കത്തിക്കുന്നതാണ് പശ്ചിമേഷ്യയിലെ യുദ്ധം. എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ, കണ്ണുണ്ടായാല്‍ പോരാ കാണണം, കണ്ടറിയാത്തവന്‍ കൊണ്ടറിയും, കൈയൂക്കുള്ളവന് കാര്യസ്ഥന്, കത്തുന്ന പുരയില്‍നിന്നു കഴുക്കോല് ഊരുക തുടങ്ങിയ പഴഞ്ചൊല്ലുകളും മലയാളിക്കു സുപരിചിതമാണ്. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെ തുടങ്ങിയ ആഗോള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ പഴമൊഴികള്ക്കെല്ലാം സാംഗത്യമുണ്ട്.
ഇന്ത്യയില്‍ സാധാരണക്കാരെ-വരെ ബാധിക്കുന്ന പാചകവാതക ക്ഷാമവും ലക്ഷക്കണക്കിനു മലയാളികളുടെ ജീവശ്വാസമായ ഗള്‍ഫ് രാജ്യങ്ങളിലെ ആക്രമണങ്ങളും പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങളാണ്. കണ്ണൂരിലും കോട്ടയത്തും കൊല്ലത്തും അടക്കം കേരളത്തിലെ സാധാരണക്കാരന്റെ അടുക്കളയിലേക്കും തട്ടുകടകളിലേക്കും വരെ യുദ്ധത്തിന്റെ തീ പടരുകയാണ്. യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ലോകമെങ്ങും പ്രശ്നങ്ങളും പ്രതിസന്ധികളും ആശങ്കകളും കൂടുന്നതല്ലാതെ കുറയുന്നില്ല. ഉടനൊരു പരിഹാരം ദൃശ്യവുമല്ല.
► കുരുക്കു മുറുകുന്നു
പശ്ചിമേഷ്യയിലെയും ഗള്‍ഫിലെയും സംഘര്‍ഷം മൂലം ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ പലതാണ്. പെട്രോള്‍, പാചകവാതകം തുടങ്ങിയ ഊര്‍ജ പ്രതിസന്ധി; വിലക്കയറ്റം, രൂപയുടെ മൂല്യത്തകര്‍ച്ച, ഓഹരിവിപണികളിലെ ചാഞ്ചാട്ടം തുടങ്ങിയ സാമ്പത്തിക മേഖലയിലെ തകര്‍ച്ച; വ്യാപാര, ലോജിസ്റ്റിക് തടസങ്ങള്‍; പ്രവാസി സുരക്ഷയും ഇന്ത്യയിലേക്കുള്ള പണമയയ്ക്കലും നേരിടുന്ന വെല്ലുവിളികള്‍ എന്നിവ തുടങ്ങി രാജ്യം നേരിടുന്ന തന്ത്രപരവും നയതന്ത്രപരവുമായ വെല്ലുവിളികള്‍ വരെ പലതിലും കുരുക്കു മുറുകുകയാണ്.
ഇന്ത്യയുടെ നാലു ബില്യണ്‍ ഡോളര്‍ കയറ്റുമതി അപകടത്തിലാണ്.4,00,000 ടണ്‍ ബസുമതി അരി കുടുങ്ങിക്കിടക്കുന്നു. തേയില, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയും തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നു. ഷിപ്പിംഗ് ലൈനുകള്‍ യുദ്ധസാധ്യതാ സര്‍ചാര്‍ജുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കയ്ക്കു ചുറ്റുമുള്ള കപ്പലുകള്‍ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി തിരിച്ചുവിടുന്നതു ഗതാഗത സമയവും ചരക്കുനിരക്കും കൂട്ടും. ഫാര്‍മസ്യൂട്ടിക്കല്‍സിനും മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കും വില കൂടും. രാസവളങ്ങളുടെ ക്ഷാമവും പ്രതിസന്ധിയാകും. ആഗോള യൂറിയയുടെ മൂന്നിലൊന്ന് ഗള്ഫിലൂടെയാണു കടന്നുപോകുന്നത്.
► പ്രവാസികള്‍ ആശങ്കയില്‍
മലയാളികള്‍ അടക്കം ഗള്‍ഫ് മേഖലയിലുള്ള 90 ലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയും ഭാവിയും ആശങ്കയിലും അപകടത്തിലുമാണ്. നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായും രണ്ടു ഡസനിലധികം ഇന്ത്യക്കാര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പ്രവാസികള്‍ നാട്ടിലേക്കയയ്ക്കുന്ന പണത്തിന്റെ 38 ശതമാനം ഗള്‍ഫില്‍നിന്നാണ്. യുദ്ധം നീണ്ടാല്‍ പ്രവാസികളുടെ തൊഴില്‍നഷ്ടവും ഇന്ത്യയിലേക്കുള്ള പണത്തിന്റെ വരവില്‍ കുത്തനെ ഇടിവുമുണ്ടാകും.
കേരളത്തിലുള്‍പ്പെടെ ദശലക്ഷക്കണക്കിനു കുടുംബങ്ങളുടെ ഉപജീവനത്തെ ബാധിക്കും. രൂപയുടെ മൂല്യത്തകര്‍ച്ച സര്‍വകാല റിക്കാര്‍ഡിലാണ്. ഡോളറിന് 92.33 രൂപയിലേക്കാണു തകര്‍ന്നത്. ഓഹരിവിപണികളിലും തകര്‍ച്ച തുടങ്ങി. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പോലുള്ള പദ്ധതികളും ഇറാനിലെ ഇന്ത്യയുടെ ചബഹാര്‍ തുറമുഖത്തിലെ പ്രവര്‍ത്തനങ്ങളും നിലച്ചേക്കും.
► കാലിയാകുന്ന സിലിണ്ടറുകള്‍
പാചകവാതക ക്ഷാമം സാധാരണക്കാരുടെ ജീവിതത്തെയാകെ പ്രതിസന്ധിയിലാക്കുകയാണ്. ആശങ്ക വേണ്ടെന്നും ഭീതി പരത്തരുതെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നതു ശരി. ഇതു പറയുമ്പോള്‍ത്തന്നെ, നിയന്ത്രണങ്ങളും ലഭ്യതക്കുറവും വിലകൂട്ടലും കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാരിനും കഴിയില്ല. കേരളത്തില്‍ 40 ശതമാനത്തിലേറെ ഹോട്ടലുകള്‍ പൂട്ടുകയോ, ഇന്നോ നാളെയോ പൂട്ടുന്ന സ്ഥിതിയിലാവുകയോ ചെയ്തെന്ന് ഹോട്ടലുടമകള്‍ പറയുന്നു. എറണാകുളത്തും കോഴിക്കോട്ടും പ്രശ്നം രൂക്ഷമാണ്. മറ്റിടങ്ങളിലും എല്‍പിജി സിലിണ്ടറുകളുടെ ലഭ്യതയില്‍ കുറവുണ്ട്. ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, കോല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലും വാണിജ്യ സിലിണ്ടറുകള്‍ ആവശ്യത്തിനു കിട്ടാതായി. ഒരാഴ്ചയ്ക്കകം രാജ്യത്തെ 60 ശതമാനം ഹോട്ടലുകള്‍ അടയ്ക്കേണ്ടിവരുമെന്നാണു റിപ്പോര്‍ട്ട്.
കേരളത്തിലെ ഒരു കോടിയോളം വരുന്ന ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കളും ആശങ്കയിലാണ്. പാചകവാതക സിലിണ്ടറുകളുടെ ബുക്കിംഗ് 45 ദിവസത്തില്‍ ഒരിക്കല്‍ ആക്കിയതോടെ വീട്ടമ്മമാരുടെ ഉള്ളിലാണു തീ. നേരത്തെ 25 ദിവസമായിരുന്നു പരിധി. ആശുപത്രികള്‍, വൃദ്ധസദനങ്ങള്‍, ശിശുപരിപാലന കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍, സ്കൂളുകള്‍, ജനകീയ അടുക്കളകള്‍, കാന്റീനുകള്‍, ഫാക്ടറികള്‍, ഐടി പാര്‍ക്ക് പോലുള്ള കേന്ദ്രങ്ങള്‍ എന്നിവ മുതല്‍ ശ്മശാനങ്ങള്‍ വരെ പാചക, പ്രകൃതി വാതകം കിട്ടിയില്ലെങ്കില്‍ പ്രതിസന്ധിയിലാകും.
► കരിഞ്ചന്ത, പൂഴ്ത്തിവയ്പ്
പാചകവാതക വിതരണം ഇന്ത്യയിലാകെ സ്തംഭനത്തിലേക്കു നീങ്ങുകയാണ്. കരിഞ്ചന്തയും പൂഴ്ത്തിവയ്പും വ്യാപകമാകും. വന്‍നഗരങ്ങളില്‍ വാണിജ്യ സിലിണ്ടറുകള്‍ 2,000 മുതല്‍ 3,000 രൂപ വരെ വിലയ്ക്കു നിയമവിരുദ്ധമായി വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കാറുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയവയുടെ സിലിണ്ടറിനും ക്ഷാമമുണ്ട്. എല്‍പിജി, പിഎന്‍ജി, ഡീസല്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനു ചെറുകിട വ്യവസായ യൂണിറ്റുകളും പ്രതിസന്ധിയിലേക്കു നീങ്ങി. പൂനയില്‍ മാത്രം അരലക്ഷത്തോളം ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നു മഹാരാഷ്ട്രയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ പ്രതിസന്ധിയെ നേരിടാന്‍ രാജ്യത്തെ ആഭ്യന്തര എല്‍പിജി ഉത്പാദനം 28 ശതമാനം കൂട്ടിയെന്നും ആശങ്ക വേണ്ടെന്നുമാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പാര്‍ലമെന്റില്‍ ഉറപ്പു നല്‍കിയത്. ദരിദ്ര, പിന്നാക്ക വിഭാഗങ്ങളുടെ 33 കോടി വീടുകളിലെ അടുക്കളയില്‍ പാചകവാതക ക്ഷാമം നേരിടേണ്ടി വരില്ലെന്നാണു കേന്ദ്രത്തിന്റെ മറ്റൊരു ഉറപ്പ്. എന്നാല്‍, കോടിക്കണക്കിനു സാധാരണ കുടുംബങ്ങള്‍ക്ക് അത്തരം ഉറപ്പുമില്ല.
► വിലകള്‍ കുതിച്ചുയരും
എല്‍പിജിയുടെ ഏകദേശം 62- 67 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. എല്‍പിജിയുടെയും (ദ്രവീകൃത പെട്രോളിയം വാതകം) അസംസ്കൃത എണ്ണയുടെയും (ക്രൂഡ് ഓയില്‍) 85-90 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയാണു വരുന്നത്. ചരക്കുകപ്പലുകളുടെ നീക്കം തടസപ്പെട്ടതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിനു മുകളിലേക്കു കയറി. എല്‍എന്‍ജിയുടെ (ദ്രവീകൃത പ്രകൃതിവാതകം) 55 ശതമാനം ഗതാഗതം ഗള്‍ഫ് വഴിയാണ്.
ഇന്ത്യയിലെ ഇന്ധനസംഭരണശേഷി രണ്ടു മാസത്തേക്കുപോലും തികയില്ല. എല്‍പിജി ശേഖരത്തിന് രണ്ടു ദിവസം മാത്രമേ ദേശീയ ഉപഭോഗം നിലനിര്‍ത്താന്‍ കഴിയൂ. എണ്ണവില പത്തു ശതമാനം കൂടിയാല്‍ പണപ്പെരുപ്പം ഒരു ശതമാനം കൂടുമെന്നാണു കണക്ക്. ജിഡിപി വളര്‍ച്ചയില്‍ 20-25 അടിസ്ഥാന പോയിന്റുകള്‍ (ബിപിഎസ്) കുറയും. ലോജിസ്റ്റിക് ചെലവുകള്‍ കൂടുന്നതോടെ വിമാനക്കൂലി, റോഡ്, റെയില്‍ യാത്രാച്ചെലവുകള്‍ മുതല്‍ വീട്ടുപകരണങ്ങളുടെയും അവശ്യസാധനങ്ങളുടെയും വരെ വില വര്‍ധിക്കും. ഭക്ഷണവിലയും കുതിച്ചുയരും.
► ഭീമാകാരമായ യുദ്ധച്ചെലവ്
ഇറാനെതിരേ തുടങ്ങിയ യുദ്ധത്തിന്റെ ആദ്യ ആറു ദിവസംമാത്രം 11.3 ബില്യണ്‍ ഡോളര്‍ (ഒരു ലക്ഷം കോടിയിലേറെ രൂപ) അമേരിക്കയ്ക്കു ചെലവായെന്നാണ് പെന്റഗണ്‍ വെളിപ്പെടുത്തിയത്. ചുരുങ്ങിയത് 50 ബില്യണ്‍ ഡോളറെങ്കിലും ഇനിയും ചെലവു പ്രതീക്ഷിക്കുന്നു. യുദ്ധ ഒരുക്കങ്ങള്‍ക്കായുള്ള ചെലവുകള്‍ കൂട്ടാതെയാണിത്. ഫെബ്രുവരി 28, മാര്‍ച്ച് ഒന്ന് തീയതികളില്‍ മാത്രം 5.6 ബില്യണ്‍ ഡോളറിന്റെ മിസൈലുകളും റോക്കറ്റുകളും വെടിക്കോപ്പുകളും ചെലവഴിച്ചുവെന്ന് അമേരിക്കന്‍ നിയമനിര്‍മാതാക്കളുമായി നടത്തിയ ബ്രീഫിംഗില്‍ പ്രതിരോധ വിദഗ്ധര്‍ വിശദീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസും വാഷിംഗ്ടണ്‍ പോസ്റ്റും പറയുന്നു.
അനേക വര്ഷങ്ങള്ക്കായി ശേഖരിച്ച പ്രധാന യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചുകഴിഞ്ഞുവെന്നു ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്. ചെലവുകളേക്കാളേറെ മാരകമാകും അമേരിക്കയും ഇസ്രയേലും ഇറാനും ഗള്‍ഫ് രാജ്യങ്ങളും റഷ്യയും ചൈനയും ഇന്ത്യയും പാക്കിസ്ഥാനും അടക്കമുള്ളവര്‍ നേരിടുന്ന മറ്റു തിരിച്ചടികള്‍. യുക്രെയ്നില്‍ യുദ്ധം തുടങ്ങിയ റഷ്യക്കു നാലു വര്‍ഷം കഴിയുമ്പോഴും കാര്യമായൊന്നും നേടാനായില്ല. പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ ഇറാന് നശിക്കുമ്പോഴും അമേരിക്കയും ഇസ്രയേലും ഗള്‍ഫ് രാജ്യങ്ങളും തിരിച്ചടികളും നഷ്ടങ്ങളും നേരിടുകയാണ്. ഇറാന് യുദ്ധത്തിന്റെ പരോക്ഷ നേട്ടം റഷ്യക്കാണ്. റഷ്യന്‍ എണ്ണ വാങ്ങുന്നതിലെ വിലക്കു അമേരിക്കയ്ക്ക് മാറ്റേണ്ടിവന്നു.
► അരുത്, കൊടുംപാതകം!
പിഞ്ചുകുഞ്ഞുങ്ങളും വിദ്യാര്‍ഥികളും സ്ത്രീകളും അടക്കം നിരപരാധികളെ കൂട്ടക്കൊല ചെയ്യുമ്പോഴും മതവും വര്‍ഗീയതയും പഴയ ചരിത്രവും നിരത്തി ന്യായീകരണത്തിനു ശ്രമിക്കുന്നവരില്‍ മലയാളികള്‍ ഉണ്ടെന്നതാണു കഷ്ടം. ഭീകരതയും യുദ്ധങ്ങളും ആരു ചെയ്താലും എതിര്‍ക്കപ്പെടണം. പഴയ കാര്യം പറഞ്ഞു പുതിയ തെറ്റിനെ വെള്ളപൂശാനുള്ള ശ്രമം കൂടുതല്‍ ആപത്താണ്.
ന്യായീകരണങ്ങള്‍ എന്തായാലും യുദ്ധം മാനവികതയ്ക്കെതിരാണ്. ആയിരക്കണക്കിനു നിരപരാധികളെ കൊന്നൊടുക്കുന്ന, ഒരു പ്രശ്നത്തിനും ശാശ്വത പരിഹാരം ഉണ്ടാകാത്ത, ആരും ജയിക്കാത്ത, ആഗോള സമാധാനവും സുരക്ഷയും തകര്‍ക്കുന്ന യുദ്ധങ്ങള്‍ മനുഷ്യകുലത്തോടു ചെയ്യുന്ന പാതകമാണ്. പുതുതലമുറയ്ക്കായി സമാധാനവും സുരക്ഷയും ഉറപ്പാക്കാനായി കൈകോര്‍ക്കാം.
Kerala
കൊച്ചി: യുദ്ധം ഇന്ത്യയിലെ അടുക്കളകളെ നേരിട്ട് ബാധിച്ചിരിക്കുകയാണ്. പാചക വാതക ക്ഷാമം വന്നതോടെ വിറക് അടുപ്പിലേക്ക് മാറുകയാണ് ഇന്ന് പലരും. രാജ്യത്ത് ഹോട്ടലുകള്‍ അടച്ചു പൂട്ടലിന്റെ വക്കിലാണ്. കൊച്ചിയില്‍ നൂറിലേറെ ഹോട്ടലുകളും അടഞ്ഞു കഴിഞ്ഞു. ചിലര്‍ വിറകടുപ്പിലേക്ക് മാറിയെങ്കിലും മെനു കാര്‍ഡിന്റെ വലിപ്പം കുറഞ്ഞു.
പാചകവാതക പ്രതിസന്ധി വീടുകളെയും ബാധിച്ചിരിക്കുകയാണ്. ഇന്ധനക്ഷാമം തുടങ്ങിയതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 60 രൂപ വര്‍ധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന്റെ വില 920 രൂപയായി. ദിവസങ്ങള്‍ക്ക് മുമ്പു വരെ വീടുകളിലേക്ക് സുലഭമായി എത്തിക്കൊണ്ടിരുന്ന സിലിണ്ടര്‍ ഇപ്പോള്‍ ഗ്യാസ് തീര്‍ന്നാല്‍ ഏജന്‍സിയിലേക്ക് തന്നെ കൊണ്ടുപോയി പുതിയത് എടുക്കേണ്ട സ്ഥിതിയുമായി.
ഗ്യാസ് പെട്ടെന്ന് തീരാതിരിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് ഇപ്പോള്‍ വീട്ടമമ്മാര്‍. വിറകടുപ്പും പുകയില്ലാത്ത അടുപ്പും റോക്കറ്റ് സ്റ്റൗവ്വുമാണ് അടുക്കളകളിലെ പുതിയ താരോദയങ്ങള്‍. ചോറും കറികളുമെല്ലാം ഈ അടുപ്പുകളില്‍ പാകം ചെയ്യാം. വിറകടുപ്പിന് മാത്രമല്ല ഇന്‍ഡക്ഷന്‍ കുക്കറിനും വെള്ളം തിളപ്പിക്കാന്‍ ഉപയോഗിക്കുന്ന കെറ്റിലിനും അടക്കം ഡിമാൻഡ് ഏറുകയാണ്. ആലുവ പുകയില്ലാത്ത അടുപ്പുകള്‍ക്കും ആവശ്യക്കാരേറെയാണ്.
പുകയില്ലാത്ത അടുപ്പുകള്‍ക്കായി കൂടുതലും ഹോട്ടലുടമകളാണ് ആവശ്യക്കാര്‍ എന്നാണ് വിഷ്ണു ഇന്‍ഡസ്ട്രീസിന്റെ പ്രതിനിധി ദീപിക ഡോട്ട്കോമിനോട് പ്രതികരിച്ചത്. തിരുവനന്തപുരം, പാലക്കാട്, കാക്കനാട്, ഏലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആറോളം ഹോട്ടലുകള്‍ പുകയില്ലാത്ത അടുപ്പിനായി വിളിച്ചിട്ടുണ്ട്.
എന്നാല്‍ തിരക്ക് വര്‍ധിക്കുകയാണ് അതിനാല്‍ ചെയ്തു കൊടുക്കാന്‍ സമയമില്ലാതെ ഓട്ടത്തിലാണ് തങ്ങള്‍. അടുപ്പ് വച്ചു കഴിഞ്ഞാല്‍ ഒരാഴ്ച സമയം വേണം റെഡിയാകാന്‍. ഇന്ന് ചെയ്തു കഴിഞ്ഞാല്‍ നാളെ കത്തിക്കാനാകില്ല. ഗ്യാസിന് ക്ഷാമം വന്നതോടെ ഇന്ന് വച്ചിട്ട് നാളെ ഉപയോഗിക്കാന്‍ കഴിയുമോ എന്നാണ് പലരും ചോദിക്കുന്നത് എന്നാണ് വിഷ്ണു ഇന്‍ഡസ്ട്രീസ് പ്രതിനിധി പറയുന്നത്.
അടുപ്പു കൂട്ടിയാലും രാവിലെ പെട്ടെന്ന് പാചകം തീരില്ല. പുകയൂതി തളരാതിരിക്കാനും ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് വീട്ടമ്മമാര്‍. വിറകിനും ചിരട്ടയ്ക്കും ചകിരിക്കും വില കൂടിയതോടെ ഗ്യാസ് ഉപയോഗം എങ്ങനെ കുറയ്ക്കാമെന്നായി ചിന്ത. ലളിതമായ ചില ശീലങ്ങള്‍ പിന്തുടര്ന്നാല് ഗ്യാസ് ഉപയോഗം കുറയ്ക്കാനാകും. പാചക രീതിയില്‍ മാറ്റ്ങള്‍ വുത്തിയാല് ഗ്യാസും ലാഭിക്കും പോക്കറ്റ് കീറാതെയും നോക്കാം.
ചോറു വയ്ക്കാനായി അരി വേവിക്കുന്നതിന് മുമ്പ് ഒരു മണിക്കൂറെങ്കിലും കുതിര്‍ത്തു വയ്ക്കുക. അധികം ഗ്യാസ് ഉപയോഗിക്കാതെ തന്നെ അരി പെട്ടെന്ന് വേവും. അടുപ്പില്‍ വച്ചു തന്നെ മുഴുവനും വേവിക്കാതെ തിളച്ചു കഴിഞ്ഞാല്‍ റൈസ് കുക്കറിലേക്ക് മാറ്റി വയ്ക്കുകയാണെങ്കില്‍ ഒരുപാട് വാതകം ചോറുണ്ടാക്കാന്‍ ആവശ്യമില്ല.
പയര്‍, പരിപ്പ്, കടല എന്നിവ രാത്രി കിടക്കുന്നതിന് മുമ്പേ ഉപ്പ് കലര്‍ത്തിയ വെള്ളത്തില്‍ കുതിര്‍ത്തു വച്ച ശേഷം രാവിലെ പ്രഷര്‍ കുക്കറില്‍ അഞ്ചു മിനിറ്റു കൊണ്ട് വേവിച്ചെടുക്കാം. വേവിക്കാന്‍ കൂടുതലും പ്രഷര്‍ കുക്കറുകള്‍ ഉപയോഗിക്കാം. പഴം പുഴുങ്ങുന്നതിന് ഒന്നിച്ച് തന്നെ മുട്ടയും പുഴുങ്ങാം. കറി വയ്ക്കാനുള്ള ഉള്ളിയും തക്കാളിയും കുറേ നേരം എണ്ണയില്‍ വഴറ്റുന്നതിന് പകരം കുക്കറില്‍ അഞ്ചു മിനിറ്റില്‍ വേവിച്ച ശേഷം കറിയുണ്ടാക്കാം.
പാചകം ചെയ്യുമ്പോള്‍ മൂടിവച്ച് പാചകം ചെയ്യാം. ബര്‍ണറുകള്‍ വൃത്തിയാക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക. വൃത്തിഹീനമായ ബര്‍ണറുകള്‍ ഗ്യാസ് അമിതമായി തീരാന്‍ കാരണമാകും. വലിയ പാത്രങ്ങള്‍ ഒഴിവാക്കി പാചകത്തിന് ചെറിയ പാത്രങ്ങള്‍ ഉപയോിക്കുക ചുവടു കട്ടിയുള്ള വലിയ പാത്രങ്ങളില്‍ പാചകം ചെയ്യാന്‍ കൂടുതല്‍ ചൂട് ആവശ്യമായി വരും.
ഫ്രിഡ്ജില്‍ നിന്നും എടുത്ത ഭക്ഷണം തണുപ്പ് മാറുന്നതു വരെ സാധാരണ താപനിലയില്‍ എത്തിച്ച ശേഷം മാത്രം അടുപ്പത്ത് വയ്ക്കുക. പാചകം തുടങ്ങുന്നതിന് മുമ്പ് സാധനങ്ങള്‍ എല്ലാം അരിഞ്ഞു വയ്ക്കുക. പെട്ടെന്ന് എടുക്കാന്‍ പാകത്തില്‍ സാധനങ്ങള്‍ വയ്ക്കുക. ഗ്യാസ് സിലിണ്ടറിന് ലീക്ക് ഇല്ലെന്ന് ഉറപ്പു വരുത്തുക. പാചകം ചെയ്ത ശേഷം സിലിണ്ടര്‍ ഓഫ് ചെയ്ത് ഇടാനും മറക്കരുത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍പിജി ക്ഷാമം രൂക്ഷം. വാണിജ്യ സിലണ്ടറുകള്ക്കു മാത്രമല്ല, ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്.
തിരുവനന്തപുരത്ത് ഒരാഴ്ച മുന്‍പ് ബുക്ക് ചെയ്ത സിലിണ്ടറുകള്‍ പോലും ഇതുവരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു ലഭിച്ചിട്ടില്ല. ഇനിയും ഒരാഴ്ചകൂടി കാത്തിരിക്കാനാണ് ഗ്യാസ് ഏജന്‍സിയില്‍നിന്നു ലഭിക്കുന്ന മറുപടി. നിലവില്‍ പല ഏജന്‍സികളും ബുക്കിംഗ് സ്വീകരിക്കുന്നതും നിര്‍ത്തിയിരിക്കുകയാണ്. എല്‍പിജി ക്ഷാമം കടുത്തതോടെ പല ഗ്യാസ് ഏജന്‍സികളിലും ബുക്കിംഗിനായി നല്‍കിയിരുന്ന ഫോണ്‍ നമ്പരുകൾ പ്രവര്‍ത്തന രഹിതമായി.
തിരുവനന്തപുരം നഗരത്തില്‍ വാണിജ്യ-ഗാര്‍ഹിക എല്‍പിജി ക്ഷാമം രൂക്ഷമായി തുടരുകയാണ്. ജില്ലയില്‍ പല ഹോട്ടലുകളും അടച്ചുകഴിഞ്ഞു. റസ്റ്റോറന്റുകളുടെ പുറത്ത് ‘ഗ്യാസ് ഇല്ലാത്തതിനാല്‍ താത്കാലികമായി അടച്ചിരിക്കുകയാണെ'ന്ന നോട്ടീസുകളും പതിച്ചിട്ടുണ്ട്. പല ഹോട്ടലുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഊണ് തയാറാക്കുന്നതിന് കൂടുതല്‍ ഇന്ധനം വേണമെന്നതിനാല്‍ ചില റസ്റ്ററന്റുകള്‍ ഊണ് കൊടുക്കുന്നില്ല.
ഒറ്റപ്പാത്രത്തില്‍ തയാറാക്കാവുന്ന ബിരിയാണി പോലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനാണ് കടയുടമകള്‍ ശ്രമിക്കുന്നത്. പലയിടത്തും ലൈവ് കൗണ്ടറുകളും പ്രവര്‍ത്തനം നിര്‍ത്തി. ബേക്കറികളും പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. രാത്രികാല തട്ടുകടകളും വരുംദിവസങ്ങളില്‍ പ്രതിസന്ധിയിലായേക്കും.
► വിറകുശേഖരണം തുടങ്ങി ◄
നഗരങ്ങളില്‍ പോലും ചെറുകിട ഹോട്ടലുകള്‍ ലോഡ് കണക്കിനു വിറകുശേഖരിക്കുന്നതും കാണാം. ഇതുവരെ വിറകടുപ്പില്‍ പാചകം ചെയ്യാതിരിക്കുന്ന ഹോട്ടലുകള്‍ പോലും ലോഡ് കണക്കിനു വിറകു ശേഖരിക്കുന്നുണ്ട്. മിക്ക ഹോട്ടലുകളിലും സ്റ്റോക്ക് ഉണ്ടായിരുന്ന സിലിണ്ടറുകള്‍ കാലിയായിട്ട് ദിവസങ്ങളായി. പുതിയ സിലിണ്ടര്‍ ലഭിക്കുന്നില്ലെന്നു മാത്രമല്ല, എന്നു കിട്ടുമെന്ന് അറിയാത്ത സാഹചര്യവുമുണ്ട്. സിലിണ്ടര്‍ വിതരണം നിര്‍ത്തി വച്ചിരിക്കുകയാണെന്നും അത്യാവശ്യത്തിനു മാത്രമായി നല്‍കുമെന്നുമാണ് ഏജന്‍സികളില്‍നിന്നു ലഭിക്കുന്ന വിവരം.
സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടല്‍, റസ്റ്ററന്റ്, കേറ്ററിംഗ് മേഖലകളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം തകിടം മറിഞ്ഞു. സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ സ്ഥാപനങ്ങളിലായി ലക്ഷക്കണക്കിനു തൊഴിലാളികളുടെ ജോലി നഷ്ടമാകുന്നതും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും. പഴം, പച്ചക്കറി, പലചരക്ക്, ഇറച്ചി, മത്സ്യം തുടങ്ങിയ വ്യാപാരമേഖലകളെ ഇത് നേരിട്ടു ബാധിക്കുന്നു. ഫുഡ് ഡെലിവറി വഴി ഉപജീവനം നടത്തുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതവും പ്രതിസന്ധിയിലാകും.
► ടൂറിസം മേഖലയിലും തിരിച്ചടി ◄
വാണിജ്യമേഖലാ സ്തംഭിക്കുന്നതിനൊപ്പം ടൂറിസം മേഖലയിലും തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ മുടങ്ങിയതോടെ ഒട്ടേറെ വിദേശ വിനോദസഞ്ചാരികളാണ് സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ തങ്ങുന്നത്.
വിവാഹങ്ങള്‍ പോലുള്ള ചടുങ്ങുകള്‍ക്ക് ഹാളുകളും ഹോട്ടലുകളും ബുക്ക് ചെയ്തവരും ആശങ്കയിലാണ്. മിക്ക കേറ്ററിംഗ് യൂണിറ്റുകളും ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നവരാണ്. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ ഈ മേഖലയില്‍ വലിയ പ്രതിസന്ധിയാണുണ്ടാകുക.
ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്ക്വാഡുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സിലിണ്ടറുകള്‍ അധികമായി സ്റ്റോക്ക് ചെയ്തു സൂക്ഷിക്കുന്നുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്.
അതേസമയം ആശുപത്രി കാന്റീനുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് സിലിണ്ടറുകള്‍ കൃത്യമായി വിതരണം ചെയ്യുമെന്നാണ് ഗ്യാസ് ഏജന്‍സികളില്‍നിന്നും ലഭിക്കുന്ന വിവരം.
National
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന-പാചകവാതക ക്ഷാമമില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി. ആവശ്യത്തിന് ഇന്ധന സ്റ്റോക്കുണ്ടെന്നും ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വിതരണശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി.
“രാജ്യത്തെ പാചകവാതകം (ദ്രവീകൃത പെട്രോളിയം വാതകം- എൽപിജി) ഉത്പാദനം 28 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. 33 കോടി കുടുംബങ്ങളുടെ, പ്രത്യേകിച്ച് ദരിദ്രരും പിന്നാക്കം നിൽക്കുന്നവരുമായവരുടെ അടുക്കളകൾക്ക് ഒരു ക്ഷാമവും ഉണ്ടാകില്ല.
മോദിസർക്കാരിന്റെ പ്രഥമ പരിഗണനയാണിത്. ഡീസൽ, പെട്രോൾ, മണ്ണെണ്ണ, വ്യോമയാന ഇന്ധനം എന്നിവയുടെ ക്ഷാമമില്ല. അവയുടെ ലഭ്യത പൂർണമായും ഉറപ്പാക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള വിതരണശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നു’- പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ മന്ത്രി പറഞ്ഞു.
നേരത്തേ എൽപിജി ഇറക്കുമതിയുടെ ഏകദേശം 60 ശതമാനം ഗൾഫ് രാജ്യങ്ങളിൽനിന്നായിരുന്നു. വിതരണസുരക്ഷ ഉറപ്പാക്കുന്നതിനും പ്രാദേശിക തടസങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനുമായി സ്രോതസുകൾ സർക്കാർ വിപുലീകരിച്ചിട്ടുണ്ട്.
ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണത്തിന്റെയും ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെയും ഹോർമുസ് കടലിടുക്കിലെ എണ്ണ, വാതക നീക്കം തടസപ്പെട്ടതിന്റെയും പശ്ചാത്തലത്തിൽ രാജ്യത്തു പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനിടെയാണു കേന്ദ്രത്തിന്റെ ഉറപ്പ്.
എന്നാൽ, രാജ്യത്താകെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്കു നേരിടുന്ന ക്ഷാമത്തെക്കുറിച്ചും പാചകവാതക വില വർധിപ്പിച്ചതിനെക്കുറിച്ചും കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിൽ കൃത്യമായ വിശദീകരണമുണ്ടായില്ല.
ഗാർഹിക സിലിണ്ടറുകൾക്കുള്ള ബുക്കിംഗ് മുതൽ ഡെലിവറി വരെയുള്ള സമയം രണ്ടര ദിവസമായി തുടരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിക്കു മുന്‍പുള്ള മാനദണ്ഡങ്ങളിൽ മാറ്റമില്ല. ഗൾഫ് സ്രോതസുകൾക്കു പുറമെ അമേരിക്ക, നോർവെ, കാനഡ, അൾജീരിയ, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള ഇന്ധനം വാങ്ങി രാജ്യത്തെ സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് മന്ത്രി പുരി പറഞ്ഞു.
എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഖത്തർ, യുഎഇ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽനിന്നാണു മുന്‍പ് ഇറക്കുമതി ചെയ്തിരുന്നത്. ബാക്കി 40 ശതമാനം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നുണ്ടെന്നു മന്ത്രി അറിയിച്ചു.
പ്രതിസന്ധിക്കുമുന്‍പ്, ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഏകദേശം 45 ശതമാനം ഹോർമുസ് കടലിടുക്ക് വഴിയാണു കടത്തിവിട്ടിരുന്നത്. കൂടുതൽ രാജ്യങ്ങളിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങാൻ തുടങ്ങിയതോടെ ഹോർമുസ് കടലിടുക്കിലൂടെ ലഭിക്കുമായിരുന്ന അളവിനേക്കാൾ കൂടുതൽ ഇപ്പോൾ ലഭ്യമാകുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
Kerala
ന്യൂഡൽഹി: രാജ്യത്തെ പാചകവാതക പ്രതിസന്ധി സംബന്ധിച്ച് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽപിജിയെക്കുറിച്ച് ഇന്ന് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെന്നും ചിലർ ഭീതി വിതയ്ക്കാനും സ്വന്തം ലക്ഷ്യങ്ങൾ നേടാനും ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയപരമായി അവരെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല. കോവിഡ് പോലെ രാജ്യം മറ്റൊരു വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു. അത് നേരിടാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. ദേശീയ താൽപ്പര്യങ്ങൾ പരമപ്രധാനമായി നിലനിർത്തിക്കൊണ്ട് നമ്മുടെ കടമകൾ നിറവേറ്റണമെന്നും മോദി പറഞ്ഞു.
ഭീതി പരത്തുന്നതിലൂടെ രാജ്യത്തിന് വലിയ നാശനഷ്ടം വരുത്തുകയുമാണ് ചെയ്യുന്നത്. യുദ്ധം മൂലമുള്ള ആഗോള പ്രതിസന്ധിയിൽ നിന്ന് ഒരു രാജ്യവും മുക്തമായിട്ടില്ല. പ്രതിസന്ധി ഏതെങ്കിലും തരത്തിൽ ഏറിയും കുറഞ്ഞും എല്ലാ രാജ്യങ്ങളേയും ബാധിക്കുന്നുണ്ട്.
ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനായി ഇന്ത്യയും യാതൊരു വിട്ടുവീഴ്ചയും വരുത്തുന്നില്ല. വിവിധ തലങ്ങളിൽ ഞങ്ങൾ ശ്രമങ്ങൾ നടത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലെ ഉന്നത നേതാക്കളുമായി താൻ ഇത് ചർച്ച ചെയ്തിട്ടുണ്ട്. വിതരണ ശൃംഖലയിലെ തടസങ്ങളെ മറികടക്കുന്നതിനായി തുടർച്ചയായ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യത്തിൽ രാജ്യത്ത് പാചകവാതക വിതരണത്തിന് കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രണ്ട് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള ചുരുങ്ങിയ കാലാവധി നിലവിലുള്ള 25 ദിവസത്തിൽ നിന്നും 45 ദിവസമായി ഉയർത്തി. പുതിയ 45 ദിവസത്തെ നിയന്ത്രണം നിലവിൽ ഗ്രാമീണ മേഖലകളിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് ബാധകമാകുക. നഗരപ്രദേശങ്ങളിൽ നിലവിലുള്ള 25 ദിവസത്തെ കാലാവധി തന്നെ തുടരും.
പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഇറക്കുമതി തടസപ്പെട്ടതും വിതരണ ശൃംഖലയിലുണ്ടായ കുറവുമാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. പാചകവാതക ക്ഷാമം മുതലെടുത്ത് വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറുകൾ അമിതവിലയ്ക്ക് വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. പാചകവാതകത്തിന് നിയന്ത്രണമുണ്ടെങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിൽ തടസമില്ലെന്നും ആവശ്യമായ ശേഖരം ഉണ്ടെന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.
National
ന്യൂഡൽഹി: പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാൻ കർശന നടപടികൾക്ക് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടതിനാൽ മറ്റുവഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും കൂടുതലായി എത്തിച്ചുതുടങ്ങി.
ക്രൂഡോയിലുമായി രണ്ടു കപ്പലുകളും എൽഎൻജിയുമായി മറ്റു രണ്ട് കപ്പലുകളും ഇന്ത്യൻ തീരത്തേക്ക് അടുക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നു കപ്പലുകൾ ഇന്ത്യയിലെത്തിയിരുന്നു. റഷ്യയിൽനിന്ന് ക്രൂഡോയിലിനു പുറമേ എൽഎൻജിയും ഇന്ത്യയിലെത്തിക്കും. റഷ്യയിൽ നിന്ന് 23 വർഷത്തേക്ക് എൽഎൻജി വാങ്ങാൻ ഗെയിലിനു കരാറുണ്ട്. കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് എൽഎൻജി വാങ്ങുന്നതും പരിഗണനയിലുണ്ട്.
രാജ്യാന്തര ഊർജ ഏജൻസിയോട്(ഐഇഎ) ഉൾപ്പെടെ ഇന്ത്യ ചർച്ചയാരംഭിച്ചുവെന്നും വിവരമുണ്ട്. റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിന്റെ അളവും ഇന്ത്യ കൂട്ടിയിട്ടുണ്ട്. പ്രതിദിനം 55 ലക്ഷം ബാരൽ ക്രൂഡോയിലാണ് ഇന്ത്യയ്ക്ക് ആവശ്യം. ഇതിന്റെ 55 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ ഇറക്കുമതിയുടെ 70 ശതമാനവും മറ്റുവഴികളിലൂടെയാണെന്നു പെട്രോളിയം മന്ത്രാലയം അറിയിച്ചു.
Kerala
തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെ പാചകത്തിന് വിറക് അടുപ്പ് ഉപയോഗിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കി.
ഇതിന് ആവശ്യമായ പണം സര്‍ക്കാര്‍ നല്‍കും. ഓരോ സ്കൂളിലും ആവശ്യമായ ഗ്യാസ് സിലിണ്ടറുകളുടെ എണ്ണവും വിറകിന്റെ അളവും തയാറാക്കി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി പാചകവാതക പ്രതിസന്ധി രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കളെയും ഹോട്ടലുകളെയും പാചകവാതക പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
സിലിണ്ടറുകൾ കിട്ടാതായതോടെ രാജ്യത്ത് ഹോട്ടലുകൾ പലതും അടച്ചുതുടങ്ങി. കേരളത്തിൽ ഇന്നലെ 20 ശതമാനം ഹോട്ടലുകൾ അടച്ചെന്നാണ് കണക്ക്. ഇന്നും കൂടുതൽ ഹോട്ടലുകൾ അടച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ മുടങ്ങില്ലെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ വാണിജ്യ എൽപിജിയുടെ കാര്യത്തിൽ ഒറപ്പുകളൊന്നും നൽകുന്നില്ല.
ബംഗളൂരു, ചെന്നൈ അടക്കം നഗരങ്ങളിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികൾ എല്ലാം വാണിജ്യ സിലിണ്ടർ വിതരണം നിർത്തിവച്ചിരിക്കുകയാണ്.
ആന്ധ്രയിൽ ഹോട്ടലുകൾ സ്വിഗ്ഗി, സോമാറ്റോ ഓർഡറുകൾക്കുള്ള ഇളവ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തിങ്കളാഴ്ചകളിൽ ഹോട്ടലുകൾ അടച്ചിടും. പ്രതിസന്ധി തുടർന്നാൽ ഓൺലൈൻ ഭക്ഷണ ആപ്പുകളോട് ‘നോ' പറയാനാണ് ഹോട്ടലുകളുടെ തീരുമാനം.
തെക്കൻ ഡൽഹിയിലെ പല റസ്റ്റോറന്റുകളും പാചകവാതക ക്ഷാമത്തെതുടർന്ന് ഇതിനകം അടച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടിലും പാചകവാതക സിലിൻഡറുകൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ചായക്കടകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, കല്യാണ മണ്ഡപങ്ങളുടെ പ്രവർത്തനം എന്നിവ പ്രതിസന്ധിയിലായിരിക്കുകയാണ്.
National
ചെന്നൈ: പാചകവാതക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് ചെന്നൈ നഗരത്തിലെ പലയിടത്തും ഹോട്ടലുകൾ അടച്ചതുടങ്ങി. സെയ്താപേട്ട്, സിഐടി നഗർ, ടീ നഗർ തുടങ്ങിയ സ്ഥലങ്ങളിലെ പല ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. എൽപിജി ലഭ്യതക്കുറവ് മൂലമാണ് ഹോട്ടലുകൾ അടച്ചിട്ടിരിക്കുന്നതെന്ന ബോർഡും ഹോട്ടലുകളുടെ മുന്നിൽ പ്രദർശിപ്പിച്ചുണ്ട്.
ചില ഹോട്ടലുകൾ ഒൻപത് സിലിണ്ടറുകളോളമായിരുന്നു ഒരു ദിവസം ഉപയോഗിച്ചിരുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ ചില ഹോട്ടലുകൾ വിറകടുപ്പിലേക്ക് മാറാനുള്ള നീക്കത്തിലാണ്. ഇതിനുള്ള ക്രമീകരണങ്ങൾ ഹോട്ടലുടമകൾ ചെയ്തുതുടങ്ങി.
District News
തൊടുപുഴ: യുഎസ്-ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാചകവാതകത്തിന് ക്ഷാമം നേരിടുമെന്ന സൂചനയെത്തുടര്‍ന്ന് പാചകവാതക വിതരണ ഏജന്‍സികളിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക്.
പുലര്‍ച്ചെ മുതല്‍ പാചകവാതക ഏജന്‍സികളിലേക്ക് ജനങ്ങള്‍ എത്തുന്നുണ്ട്. ജനത്തിരക്ക് ഏറിയതോടെ സിലിണ്ടറുകള്‍ നല്‍കുന്നതിന് നിയന്ത്രണവും ടോക്കണ്‍ സമ്പ്രദായവും ഏര്‍പ്പെടുത്തി. തൊടുപുഴയിലെ പാചകവാതക വിതരണ ഏജന്‍സികള്‍ക്കു മുന്നില്‍ ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഒടുവില്‍ പോലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. പാചകവാതകം എടുക്കാനെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കിയാണ് ഏജന്‍സി അധികൃതര്‍ തിരിച്ചയച്ചത്. ടോക്കണ്‍ നമ്പരിലെ ഊഴമനുസരിച്ച് അടുത്ത ദിവസം ഏജന്‍സിയിലെത്തി സിലിണ്ടര്‍ കൈപ്പറ്റണമെന്നാണ് നിര്‍ദേശം.
ഹോട്ടലുകള്‍ക്കുള്ള വാണിജ്യ സിലിണ്ടറുകള്‍ക്കു പുറമേ വീടുകളിലേക്കുള്ള ഗാര്‍ഹിക സിലിണ്ടറുകളും ഇപ്പോള്‍ നിയന്ത്രണത്തോടെയാണ് നല്‍കുന്നത്. കഴിഞ്ഞയാഴ്ചവരെ ബുക്ക് ചെയ്താല്‍ അടുത്ത ദിവസംതന്നെ പാചകവാതകം ലഭിക്കുമായിരുന്നു. ഇപ്പോള്‍ 25 ദിവസത്തെ ഇടവേളയില്‍ മാത്രമേ പാചകവാതകം ലഭിക്കൂ എന്നതാണ് സ്ഥിതി.
മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ മാത്രമേ പാചകവാതക സിലിണ്ടറുകള്‍ ലഭിക്കൂ. ബുക്ക് ചെയ്യുന്നവര്‍ക്ക് സിലിണ്ടര്‍ വില ഉള്‍പ്പെടെ ഒടിപിയായി ഫോണില്‍ ഡിഎസി നമ്പര്‍ ലഭിക്കും. ഇത് വിതരണത്തിനെത്തുന്നവര്ക്ക് നല്കിയാല് മാത്രമേ സിലിണ്ടറുകള്‍ ലഭിക്കൂ. കഴിഞ്ഞ ദിവസം സിലിണ്ടറുകള്‍ക്ക് വില കൂടുന്നതിനു മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഡിഎസി നമ്പര്‍ ഫോണില്‍ ലഭിക്കുമായിരുന്നു. എന്നാല്‍ വിലവര്‍ധന നിലവില്‍വന്നതോടെ ബുക്ക് ചെയ്യുന്നവര്‍ക്ക് മെസേജ് ഫോണില്‍ ലഭിക്കുന്നില്ല. ഇതോടെയാണ് ആളുകള്‍ കൂട്ടത്തോടെ വിതരണ ഏജന്സികളിലേക്കെത്തിയത്.
എന്നാല്‍ പാചകവാതകത്തിനായി എത്തുന്നവര്‍ക്ക് ഉടന്‍തന്നെ സിലിണ്ടര്‍ ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. വാഹനങ്ങളില്‍ കാലി സിലിണ്ടറുകളുമായി എത്തിയവര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നു. ഇവര്‍ക്ക് ടോക്കണ്‍ നല്കി മൂന്നു ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞയയ്ക്കുകയായിരുന്നു.
പാചകവാതകത്തിന് ക്ഷാമം നേരിടുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ വരുംദിവസങ്ങളിലും വിതരണ ഏജന്‍സികളില്‍ വലിയ തിരക്കനുഭവപ്പെടുമെന്നാണ് സൂചന. ജില്ലയില്‍ മൂന്നര ലക്ഷത്തോളം പാചകവാതക ഉപഭോക്താക്കളാണുള്ളത്.
ഇതിനിടെ ഹോട്ടലുകള്‍ക്കും മറ്റും നല്കുന്ന വണിജ്യ സിലിണ്ടറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ഭക്ഷ്യവിതരണ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായി. ഹോട്ടലുകള്‍, തട്ടുകടകള്‍, കേറ്ററിംഗ് സ്ഥാപനങ്ങള്‍ എന്നിവയാണ് പ്രതിസന്ധി നേരിടുന്നത്. ടൗണുകളില്‍ ഇത്തരം സ്ഥാപനങ്ങളിലെല്ലാം ഭക്ഷണം പാചകം ചെയ്യുന്നത് പാചകവാതകം ഉപയോഗിച്ചാണ്.
അതിനാല്‍ പല സ്ഥാപനങ്ങളും വരുംദിവസങ്ങളില്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങുമെന്ന് ഹോട്ടലുടമകള്‍ പറയുന്നു. ചില ഹോട്ടലുകള്‍ വിറകടുപ്പുകള്‍ ഉപയോഗിച്ചുതുടങ്ങി. ഇതിനിടെ അവസരം മുതലാക്കി കരിഞ്ചന്തയില്‍ പാചക വാതക വില്‍പ്പന നടത്തുന്നവരും തകൃതിയായി രംഗത്തെത്തിയിട്ടുണ്ട്. വന്‍ വിലയ്ക്ക് പാചകവാതകം വില്‍പ്പന നടത്തുന്നതിനായി നേരത്തേതന്നെ ഇത്തരക്കാര്‍ സിലിണ്ടറുകള്‍ ശേഖരിച്ചതായാണ് സൂചന.
നിലവില്‍ ജില്ലയില്‍ പാചകവാതകത്തിന് ക്ഷാമമില്ലെന്ന് സപ്ലൈ ഓഫീസ് അധികൃതര്‍ പറഞ്ഞു. പെട്രോളിയം ഏജന്‍സികള്‍ ഏര്‍പ്പെടുത്തിയ 25 ദിവസത്തെ ഇടവേളയില്‍ മാത്രമേ സിലിണ്ടറുകള്‍ നിറയ്ക്കാനാവൂ എന്ന നിബന്ധന മാത്രമാണുള്ളത്. വിതരണവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടായാല്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കണമെന്ന്
കുമളി: ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കുമുള്ള ഗ്യാസ് വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യുദ്ധത്തിന്റെ പേരിലുള്ള നിയന്ത്രണം ഹോട്ടൽ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ലക്ഷക്കണക്കിനു വരുന്ന സംരംഭങ്ങളുടെയും തൊഴിലാളികളുടെയും കുടുംബങ്ങളുടെയും നിലനിൽപ്പ് അപകടത്തിലാക്കുന്ന തീരുമാനം കേന്ദ്രം പിൻവലിക്കണം.
യോഗത്തിൽ പ്രസിഡന്റ് സണ്ണി പൈന്പിള്ളിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറന്പിൽ, ട്രഷറർ ആർ. രമേശ്, പി.എം. ബേബി, തങ്കച്ചൻ കോട്ടക്കകം, ബാബുലാൽ, സിബി കൊച്ചുവള്ളാട്ട്, ടി.സി. രാജു, റോയ് വർഗീസ്, ആർ. സുരേഷ് എന്നിവർ പ്രസംഗിച്ചു.
National
മുംബൈ: പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തെ അടുക്കളകളെ ഗുരുതരമായി ബാധിച്ചുതുടങ്ങി. വാണിജ്യ സിലിണ്ടറുകൾക്കുപിന്നാലെ ഗാർഹിക സിലിണ്ടറുകളും ലഭിക്കാതായതോടെ ജനം പരിഭ്രാന്തരാണ്.
എണ്ണക്കന്പനികൾ ബുക്കിംഗ് സ്വീകരിക്കാതായതോടെ രാജ്യത്തു പലയിടത്തും എൽപിജി കേന്ദ്രങ്ങൾക്കുമുന്നിൽ രണ്ടു ദിവസമായി നീണ്ട ക്യൂ പ്രത്യക്ഷപ്പെടുന്നുണ്ട്. സിലിണ്ടർക്ഷാമം രൂക്ഷമായതോടെ രാജ്യത്തുടനീളം ഹോട്ടലുകളുടെയും ചെറുകിട ഭക്ഷണശാലകളുടെയും പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്.
രണ്ടുദിവസത്തിനുള്ളില്‍ ഭക്ഷണശാലകള്‍ പൂർണമായും അടച്ചിടേണ്ട അവസ്ഥയിലെത്തുമെന്ന് നാഷണല്‍ റസ്റ്ററന്റ് അസോസിയേഷന് ഓഫ് ഇന്ത്യ (എന്‍ആര്‍എഐ), ഇന്ത്യന്‍ ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷന് (എച്ച്എആര്) തുടങ്ങിയ സംഘടനകള്‍ പറയുന്നു.
പ്രതിവർഷം 6.6 ലക്ഷം കോടി രൂപയുടെ ഇടപാടാണു ഹോട്ടൽ, റസ്റ്ററന്റ് മേഖലയുടേത്. ഒരൊറ്റദിവസം അടഞ്ഞുകിടന്നാൽ ഏകദേശം 1,200 കോടി രൂപ മുതല്‍ 1,300 കോടിരൂപയുടെ നഷ്ടമാണ് ഉണ്ടാകുക -അവർ വ്യക്തമാക്കി.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം 20 ശതമാനത്തോളം ഭക്ഷണശാലകൾ അടച്ചുകഴിഞ്ഞു. ചിലയിടങ്ങളിൽ വിഭവങ്ങൾ പരിമിതപ്പെടുത്തി. രണ്ടു മൂന്നു ദിവസത്തേക്കുള്ള ഇന്ധനം അവശേഷിക്കുന്നതിനാൽ രണ്ടുദിവസംകൂടി മുന്നോട്ടു നീങ്ങാമെന്ന് വൻകിട ഭക്ഷണശാലകൾ പറയുന്നു.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചെറിയ ഭക്ഷണശാലകൾ പലതും അടച്ചിട്ടിരിക്കുകയാണ്. ഡല്‍ഹി ഹൈക്കോടതി കാന്റീനിൽ പ്രധാന വിഭവങ്ങളായ ബിരിയാണി, ദാല്‍ മഖാനി, ഷാഹീ പനീര്‍ പോലുള്ളവ ഉണ്ടാക്കുന്നത് നിർത്തി. ഇന്ധനക്ഷാമമാണു കാരണമെന്ന നോട്ടീസും കാന്റീനിൽ പ്രദർശിപ്പിച്ചുണ്ട്. മുംബൈയിലും പരിസരങ്ങളിലുമുള്ള 20 ശതമാനത്തോളം റസ്റ്ററന്റുകൾ അടച്ചുകഴിഞ്ഞു.
ഐടി നഗരമായ ബംഗളൂരുവിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. ചെറിയ റസ്റ്ററന്റുകളില്‍ ചായയും കാപ്പിയും മാത്രമാണു ലഭിക്കുന്നത്. ഗെയില്‍ പൈപ്പ് ലൈനില്‍നിന്നുള്ള ഇന്ധനം ഉപയോഗിക്കുന്ന 15 ശതമാനത്തോളം ഭക്ഷണശാലകളില്‍ ഇതുവരെ പ്രതിസന്ധിയില്ല.
തമിഴ്നാട്ടില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി 20 മുതല്‍ 25 ദിവസത്തേക്കുവരെ ലഭ്യമാണെങ്കിലും വ്യാവസായിക സിലിണ്ടറുകളുടെ കാര്യത്തിൽ കടുത്ത ക്ഷാമമാണ്. പശ്ചിമബംഗാൾ, പഞ്ചാബ്, ചണിഗഡ്, ഒഡീഷ, മധ്യപ്രദേശ്, ബിഹാര്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലും ഭക്ഷണശാലകളുടെ പ്രവർത്തനം നിലച്ചുതുടങ്ങി.
സംസ്ഥാനത്തും പാചകവാതക ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. വാണിജ്യസിലിണ്ടറുകൾ കിട്ടാതായതോടെ ഹോട്ടലുകൾ പ്രതിസന്ധിയിലാണ്. പലയിടത്തും ഹോട്ടലുകൾ പൂട്ടിത്തുടങ്ങി. ചില ഹോട്ടലുകൾ മെനു വെട്ടിക്കുറച്ചാണ് മുന്നോട്ടുപോകുന്നത്. പലയിടത്തും തട്ടുകടകളും പൂട്ടി. പത്തു സിലിണ്ടറുകള്‍ വരെ പ്രതിദിനം ഉപയോഗിക്കുന്ന വൻകിട ഹോട്ടലുകള്‍ക്ക് ഇന്നലെ രണ്ടെണ്ണം മാത്രമാണു ലഭിച്ചത്.
പാചകവാതകവിതരണം തടസപ്പെടുമെന്ന ആശങ്കയിൽ ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇരട്ടിയായെന്ന് ഏജൻസികൾ അറിയിച്ചു. 80 സിലിണ്ടറുകൾവരെ നൽകിയിരുന്ന വിതരണക്കാർക്ക് ഇപ്പോൾ 20 സിലിണ്ടറുകൾമാത്രമാണ് കൊടുക്കാനാകുന്നത്. വീടുകളിലേക്കുള്ള പാചകവാതക ലോഡുകൾ മാത്രമാണ് ഇപ്പോഴെത്തുന്നത്.
Kerala
കൊച്ചി: പാചകവാതകം ലഭ്യമാകാതെ വന്നാല്‍ സംസ്ഥാനത്തെ ചെറുകിട ബേക്കറികള്‍, പ്രൊഡക്ഷന്‍ യൂണിറ്റുകള്‍, പാക്കേജ് ഫുഡ് നിര്‍മാണ സ്ഥാപനങ്ങള്‍ എന്നിവ അടച്ചുപൂട്ടേണ്ടിവരുമെന്ന് ബേക്കേഴ്സ് അസോസിയേഷന് കേരള. നിരവധിപേര്‍ ദിവസേന ആശ്രയിക്കുന്ന ചെറുകിട ബേക്കറി സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
പാചകവാതക സിലിണ്ടറുകളുടെ കുറവു മൂലം ഉത്പാദനം കുറയ്ക്കേണ്ടിവന്നിട്ടുണ്ട്. ചില സ്ഥാപനങ്ങള്‍ താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു.
സംസ്ഥാനസര്‍ക്കാര്‍, എണ്ണക്കമ്പനികള്‍ എന്നിവര്‍ അടിയന്തരമായി ഇടപെട്ടു ഭക്ഷ്യോത്പാദന മേഖലയ്ക്ക് ആവശ്യമായ പാചകവാതക സിലിണ്ടറുകളുടെ വിതരണം ഉറപ്പാക്കണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു.
ആവശ്യമെങ്കില്‍ റേഷനിംഗ് സംവിധാനം നടപ്പിലാക്കി ബേക്കറികള്‍ക്കും ഭക്ഷ്യോത്പാദന യൂണിറ്റുകള്‍ക്കും മുന്‍ഗണനാടിസ്ഥാനത്തില്‍ പാചകവാതക സിലിണ്ടറുകള്‍ ലഭ്യമാക്കണമെന്നും ബേക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കിരണ്‍ എസ്. പാലക്കല്‍, ജനറല്‍ സെക്രട്ടറി ബിജു പ്രേംശങ്കര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Kerala
ചെറായി: മത്സ്യബന്ധന മേഖലയെയും പ്രതിസന്ധിയിലാക്കി പാചകവാതക ഗ്യാസ് ക്ഷാമം. എറണാകുളം മുനമ്പം-മുരുക്കുംപാടം മേഖലയിൽ യന്ത്രവൽകൃത ബോട്ടുകളിലേക്ക് പാചകത്തിന് ആവശ്യമായ ഗ്യാസ് കിട്ടാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പാചകവാതകം കിട്ടാതെ നിരവധി യാനങ്ങൾ മത്സ്യബന്ധനത്തിന് പോകുവാൻ കഴിയാത്ത സാഹചര്യത്തിലാണെന്ന് മുനമ്പം ഫിഷിംഗ് ബോട്ട് കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ഈ സ്ഥിതി തുടർന്നാൽ മത്സ്യബന്ധന മേഖലയ്ക്കൊപ്പം തന്നെ അനുബന്ധ മേഖലയും സ്തംഭിക്കുമെന്നും ഇവർ ആശങ്ക അറിയിച്ചു. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ഗ്യാസ് പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.ബി. രാജീവ്, ജനറൽ സെക്രട്ടറി ഷെബിർ ബാവ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം, മുൻകാലങ്ങളിൽ മത്സ്യബന്ധന ബോട്ടുകളിൽ ഭക്ഷണം പാകം ചെയ്യാൻ മണ്ണെണ്ണ സ്റ്റൗവ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് പാചകവാതകം വ്യാപകമായതും മണ്ണെണ്ണ ലഭിക്കാതെയും വന്നതോടെയാണ് ബോട്ടുകൾ ഗ്യാസ് സ്റ്റൗവിലേക്ക് തിരിഞ്ഞത്.
National
ന്യൂഡൽഹി: പാചകവാതക വിലവർധനവിൽ മോദിസർക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസുൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ’ഇൻഫ്ലേഷൻ മാൻ’(പണപ്പെരുപ്പ മനുഷ്യൻ) എന്നാണു കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വിശേഷിപ്പിച്ചത്.
യുദ്ധം പൊട്ടിപ്പുറപ്പെടുന്പോൾ ’സബ് ചംഗാ സീ’ (എല്ലാം നല്ല രീതിയിലാണ്) എന്നു വീന്പിളക്കുന്ന മോദിസർക്കാർ ആവശ്യമായ ഊർജവും വളവും ലഭ്യമാക്കുന്നതിൽ നിസഹായരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
എൽപിജി വിലവർധനവ് സാധാരണക്കാർക്കുണ്ടാക്കുന്ന ഭാരത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ആശങ്ക രേഖപ്പെടുത്തി.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ഊർജ വിതരണ മേഖലയിലുണ്ടാക്കിയ ആഘാതം രാജ്യത്തെ അടുക്കളകളിലേക്കും വ്യാപിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എണ്ണക്കന്പനികൾ ഊർജവില വർധിപ്പിച്ചതിനെത്തുടർന്ന് രാജ്യത്തെ എൽപിജി സിലിണ്ടറുകളുടെ വില കുത്തനേ കൂടി. 14.2 കിലോ ഭാരമുള്ള ഗാർഹിക പാചകവാതക എൽപിജിക്ക് 60 രൂപ വർധിച്ചപ്പോൾ വാണിജ്യ ആവശ്യത്തിനുള്ള എൽപിജിക്ക് 115 രൂപയുടെ വർധനയും വർധിപ്പിച്ചു.
കഴിഞ്ഞ 11 മാസത്തിനിടെ ഇതു രണ്ടാമത്തെ വിലവർധനയാണിത്. കഴിഞ്ഞ വർഷം ഏപ്രിലിൽ 50 രൂപ വർധിപ്പിച്ചതായിരുന്നു ഏറ്റവും ഒടുവിലത്തെ എൽപിജി വിലവർധന. പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോ ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽനിന്ന് 913 രൂപയായി ഉയർന്നു.
വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാകട്ടെ 1768.50 രൂപയിൽനിന്ന് 1883 രൂപയായി. ഉജ്വല പദ്ധതിയുടെ രാജ്യത്തുടനീളമുള്ള ഗുണഭോക്താക്കൾക്ക് എൽപിജി വിലയിൽ മാറ്റമുണ്ടാകില്ല.
എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ബുക്കിംഗുകളിൽ വലിയരീതിയിലുള്ള വർധനവ് ഉണ്ടായതിനു പിന്നാലെയാണ് ഇന്ത്യൻ ഓയിൽ കോർപറേഷനും ഭാരത് പെട്രോളിയവും ഗാർഹിക എൽപിജി റീഫില്ലുകൾക്ക് 21 ദിവസത്തെ നിയന്ത്രണം ഏർപ്പെടുത്തിയത്.
Kerala
തിരുവനന്തപുരം: ബയോടെക് സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ബയോഗ്യാസ് ടെക്നോളജി സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന സ്ത്രീശക്തീകരണവും ഉറവിട മാലിന്യ സംസ്കരണവും പദ്ധതിയുടെ ഭാഗമായി വനിതാ സംരംഭകർ നടത്തുന്ന ചെറുകിട ഹോട്ടലുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, ഹോസ്റ്റലുകൾ, ഹോംസ്റ്റേകൾ, സ്ലോട്ടർ ഹൗസുകൾ, എന്നിവയ്ക്കും ഇറച്ചി, മത്സ്യ വില്പന കേന്ദ്രങ്ങൾക്കും ചെറുകിട കോഴി, കാട, പന്നി കർഷകർക്കും 80 ശതമാനം സബ്സിഡി നിരക്കിൽ ജൈവ അവശിഷ്ട സംസ്കരണ പാചക വാതക പ്ലാന്റുകൾ സ്വന്തമാക്കാം.
പ്രതിദിനം 10 മുതൽ 15 കിലോഗ്രാം വരെ ജൈവ അവശിഷ്ടങ്ങൾ സംസ്കരിച്ച് ഒരു കിലോഗ്രാം എൽപിജിക്കു തുല്യമായ അളവിൽ പാചകവാതകം ഉത്പാദിപ്പിക്കാവുന്ന രണ്ടര ഘനമീറ്റർ വലുപ്പമുള്ള ഹൈപ്രഷർ പാചകവാതക ഉത്പാദന പ്ലാന്റുകളാണ് ഈ പദ്ധതിയനുസരിച്ചു തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്കു സ്ഥാപിച്ചു നൽകുന്നത്.
വിശദവിവരങ്ങൾക്ക് തിരുവനന്തപുരത്തു വഴുതക്കാട് എംപി അപ്പൻ റോഡിൽ പ്രവർത്തിക്കുന്ന ബയോടെക്കിന്റെ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 9446000996, 9446- 000771.
Kerala
കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചത് കേരളത്തില്‍ ഹോട്ടല്‍ വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്.
സിലിണ്ടറിന് ഒറ്റയടിക്ക് 49 രൂപ വര്‍ധിപ്പിച്ച നടപടി ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും വിമര്‍ശനം.